മുഖ്യമന്ത്രി സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രചാരകനാവരുത്: ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും നടത്തുന്ന വര്‍ഗീയ പ്രചാരണം കേരളത്തില്‍ സംഘ്പരിവാറിനെ ശക്തിപ്പെടുത്താനാണ് സഹായിക്കുകയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍
അസീസ് വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സമീപകാലത്തായി സംഘ്പരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പ്രചാരകരാവുകയാണ് മുഖ്യമന്ത്രിയും സി.പി .എമ്മും. കേരളത്തിലെ മുസ്‌ലിം സമുദായത്തെയും മുസ്‌ലിം സംഘടനകളെയും പൈശാചികവല്‍ക്കരിച്ച് ശ്രതുപക്ഷത്ത് നിര്‍ത്തുകയാണ്
സി.പി.എം ഇപ്പോള്‍. വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടി, ഹൈന്ദവ ക്രൈസ്തവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള അത്യധികം ഹീനവും ജനാധിപത്യ വിരുദ്ധവുമായ ശ്രമവും അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും അമീര്‍ പറഞ്ഞു. ആഗോളതലത്തില്‍ സാമ്രാജ്യ ശക്തികളും ദേശീയതലത്തില്‍ ബി.ജെ.പിയും സംഘ്പരിവാറും എടുത്തുപയോഗിക്കുന്ന ഇസ്‌ലാം ഭീതി ബോധപൂര്‍വംപടര്‍ത്തുകയാണ് സി.പി.എം. പരസ്പരം തിരിച്ചറിയാനാവാത്ത വിധം സി.പി.എമ്മും സംഘ്പരിവാറും ഒരേ തരത്തിലാണ് കേരളത്തില്‍ സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം നല്‍കിയേക്കാമെങ്കിലും കേരളം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച ഫാസിസ്റ്റ് വിരുദ്ധവും മതനിരപേക്ഷവുമായ നിലപാടിനെ തകര്‍ക്കാനാണ് ഈ നിലപാട് സഹായിക്കുകയെന്നും അമീര്‍ പറഞ്ഞു.
സംഘടനയെക്കുറിച്ച് പൊതു സമൂഹത്തിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മത രാഷ്ട്രവാദം ജമാഅത്ത് അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്ത് അസി. അമീര്‍ പി. മുജീബ് റഹ്മാന്‍, വി.ടി അബ്ദുല്ലക്കോയ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, സമദ് കുന്നക്കാവ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."