വര്‍ഗീയമുദ്ര ചാര്‍ത്താനുള്ള ഇടതുപക്ഷ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കും: മുസ്‌ലിം ലീഗ്
മലപ്പുറം: മുസ്‌ലിം ലീഗിന്റെ മേല്‍ വര്‍ഗീയമുദ്ര ചാര്‍ത്താനുള്ള ഇടതുപക്ഷ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാനും ഇതിനായി പ്രത്യേക ക്യാംപയിന്‍ നടത്താനും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്തു ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.
മതേതര കാഴ്ചപ്പാടില്‍ വിട്ടുവീഴ്ച കാണിക്കാതെ മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും ഇടതുപക്ഷം തികഞ്ഞ വിഭാഗീയ പ്രവര്‍ത്തനം നടത്തി മുതലെടുപ്പു നടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ ഇടതുപക്ഷം വര്‍ഗീയ കാര്‍ഡിറക്കുകയാണ്. മതനിരപേക്ഷ പാര്‍ട്ടിയായ ലീഗിനെ തളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വര്‍ഗീയ കക്ഷികളായിരിക്കും ഇവിടെ വളരുകയെന്നത് സമൂഹത്തെ ബോധ്യപ്പെടുത്തും.
സി.പി.എം- എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു നേരിയ മുന്‍തൂക്കം ലഭിച്ചത്. ചിലയിടങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും സി.പി.എം ധാരണയിലേര്‍പ്പെട്ടിട്ടുണ്ട്. അതിന്റെ തെളിവുകള്‍ നിരത്താന്‍ ലീഗിനു കഴിയും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പാര്‍ട്ടി രൂപം നല്‍കും. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പിന്തുണ പ്രഖ്യാപിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. അന്തരിച്ച കവയിത്രി സുഗതകുമാരിയെ യോഗം അനുസ്മരിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഉന്നതാധികാര സമിതി അംഗം സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."