ശബരിമല : എന്‍.എസ്.എസ് പുനഃപരിശോധനാഹരജി നല്‍കും
ചങ്ങനാശേരി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ വിധിയില്‍ പുനഃപരിശോധനാഹരജി നല്‍കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല സ്ത്രീ പ്രവേശന കേസിന്റെ ആരംഭം മുതല്‍ കക്ഷിചേര്‍ന്ന് എന്‍.എസ്.എസ് നിലപാടെടുത്തിരുന്നു. എല്ലാ സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രിം കോടതി വിധിയിന്മേല് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും നിലപാട് നിരാശാജനകമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് അവരുടെ നയമായി അങ്ങനെ പറയാന്‍ കഴിഞ്ഞേക്കുമെങ്കിലും ശബരിമലയുടേയും അതിനോടനുബന്ധിച്ചുള്ള 1200 ല്‍പരം ക്ഷേത്രങ്ങളുടേയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വം ബോര്ഡിനെപോലെയുള്ള സ്വതന്ത്രസ്ഥാപനത്തിന് എങ്ങനെ ഇത്തരം തീരുമാനത്തിലെത്താന്‍ കഴിയുമെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ കാണിക്ക അര്‍പ്പിക്കുന്ന പണം കൊണ്ടാണ് ദേവസ്വങ്ങളുടെയും ബോര്‍ഡിന്റെയും ഭരണം നടത്തിവരുന്നത്. വിശ്വാസികളെ ബാധിക്കുന്ന തരത്തിലുള്ള സുപ്രിംകോടതിവിധി നടപ്പാക്കുന്ന കാര്യത്തില്‍ മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവുമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."