കല്ലാര്‍പാലം നാളെ നാടിന് സമര്‍പ്പിക്കും
നെടുങ്കണ്ടം: കുമളി മൂന്നാര്‍ സംസ്ഥാന പാതയിലെ കല്ലാര്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. നാളെ മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്തുവകുപ്പ് മന്ത്രി ജി. സുധാകരന്‍ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും.
രാവിലെ പത്തിനാണ് ഉദ്ഘാടനച്ചടങ്ങ്. എം.പി ജോയ്‌സ് ജോര്‍ജ് മുഖ്യാതിഥിയാകും. നബാര്‍ഡിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെയാണ് പാലത്തിന്റെ നിര്‍മാണം. മൂന്നു കോടി 68 ലക്ഷം രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്. 33.5 മീറ്റര്‍ വീതിയിലും 47.28 മീറ്റര്‍ നീളത്തിലുമാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 15 മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് പി.ഡബ്ല്യു.ഡി കരാറുകാരനു നല്‍കിയ നിര്‍ദേശം. എന്നാല്‍ നിര്‍മാണ സാമഗ്രികള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഒരു മാസം അധികം പൊതുമരാമത്തുവകുപ്പ് കരാറുകാരന് അനുവദിച്ചിരുന്നു.
റെക്കോര്‍ഡ് വേഗത്തിലാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. കുമളിമൂന്നാര്‍ സംസ്ഥാനപാതയില്‍ അപകടാവസ്ഥയിലായ 50 വര്‍ഷം പഴക്കമുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയപാലം നിര്‍മിച്ചത്. ഒരു വശത്തു 30 മീറ്ററും മറുവശത്തു 40 മീറ്ററുമാണ് സമീപന പാതകള്‍ക്കുള്ളത്. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നെടുങ്കണ്ടം താന്നിമൂട് വഴിയാണ് ഗതാഗതം ക്രമീകരിച്ചിരുന്നത്. ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്. പാലം നിര്‍മാണം ആരംഭിച്ചതോടെ പ്രദേശവാസികള്‍ മൂന്നു കിലോമീറ്റര്‍ ചുറ്റിവളഞ്ഞാണ് നെടുങ്കണ്ടത്ത് എത്തിയിരുന്നത്. പാലം തുറന്നുകൊടുക്കുന്നതോടെ ഗതാഗതം പൂര്‍ണമായും പാലത്തിലൂടെ തന്നെ ക്രമീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."