വിദ്യാഭ്യാസ വായ്പ ആശ്വാസ പദ്ധതിക്ക് നാളെ തുടക്കം
കോട്ടയം: ഉപരിപഠനത്തിന് വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങി ബുദ്ധിമുട്ടിലായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 900 കോടി രൂപയുടെ ആശ്വാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് നാലിന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
ഒന്‍പത് ലക്ഷം രൂപക്ക് താഴെ വിദ്യാഭ്യാസ വായ്പ എടുത്ത പ്രതിവര്‍ഷം ആറു ലക്ഷം രൂപയില്‍ താഴെ വരുമാനമുളള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ബാങ്കുകള്‍ നോണ്‍ പെര്‍ഫോമിങ് അസറ്റ്- പട്ടികയില്‍പ്പെടുത്തിയ നാലു ലക്ഷം രൂപ വരെയുളള വായ്പകളില്‍ 60 ശതമാനം വരെയുളള വായ്പ തുക സര്‍ക്കാര്‍ അടയ്ക്കും. ശേഷിക്കുന്ന 40 ശതമാനം മാത്രം വായ്പ എടുത്തയാള്‍ അടച്ചാല്‍ മതിയാകും.
ഇതിനായി ബാങ്കുകള്‍ വായ്പകളില്‍ മേലുളള പലിശയും പിഴപലിശയും ഒഴിവാക്കിക്കൊടുക്കണമെന്നാണ് നിബന്ധന. 4ലക്ഷത്തിന് മുകളിലുളള നോണ്‍ പെര്‍ഫോമിങ് പട്ടികയില്‍ ഉള്‍പ്പെടാത്ത വായ്പകളുടെ കാര്യത്തില്‍ ആദ്യവര്‍ഷം അടക്കേണ്ട തുകയുടെ 90, രണ്ടാം വര്‍ഷം അടക്കേണ്ട തുകയുടെ 75ഉം മൂന്നാം വര്‍ഷത്തെ 50ഉം നാലാം വര്‍ഷത്തെ 25ഉം ശതമാനം വരെയുളള തുക പദ്ധതി പ്രകാരം സര്‍ക്കാര്‍ അടയ്ക്കും. നാലു ലക്ഷത്തിന് മുകളിലുളള നോണ്‍ പെര്‍ഫോമിങ് അസറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വായ്പകളുടെ തിരിച്ചടവിനായി പ്രത്യേക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ എടുത്തശേഷം മരിച്ചുപോയ വിദ്യാര്‍ഥികളുടെയും വായ്പ എടുത്തിട്ടുളള ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെയും കാര്യത്തില്‍ ബാങ്കുകള്‍ പലിശ എഴുതിത്തള്ളുന്നപക്ഷം വായ്പ തുക പൂര്‍ണമായും തിരിച്ചടക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. മന്ത്രി. കെ. രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്, കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
ജില്ലയില്‍ നിന്നുളള എം.പി.മാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ സി.എ ലത സ്വാഗതവും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."