ഇന്ത്യാ-പാക് സമാധാന ചര്‍ച്ച: യു.എസ് സഹായമഭ്യര്‍ഥിച്ച് പാകിസ്താന്‍
ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിക്കപ്പെട്ടതോടെ അമേരിക്കയുടെ സഹായം തേടി പാകിസ്താന്‍. ഇന്ത്യാ-പാക് സമാധാന ചര്‍ച്ചയ്ക്കു സാഹചര്യമൊരുക്കണമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയോട് ആവശ്യപ്പെട്ടതായാണു പുതിയ വിവരം.
കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ നടന്ന പോംപിയോ-ഖുറേഷി കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. എന്നാല്‍, പാക് ആവശ്യം അമേരിക്ക തള്ളിക്കളഞ്ഞതായാണു വിവരം.
മൈക്ക് പോംപിയോക്കു പുറമെ യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനുമായും ചൊവ്വാഴ്ച വാഷിങ്ടണില്‍ ഖുറേഷി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് ഇത്തരമൊരു ആവശ്യം അദ്ദേഹം മുന്നോട്ടുവച്ചത്. സമാധാന ചര്‍ച്ചയ്ക്കു വഴിയൊരുക്കാന്‍ അമേരിക്ക മധ്യസ്ഥ പദവി ഏറ്റെടുക്കണമെന്നായിരുന്നു ആവശ്യം. ഖുറേഷി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും ഇന്ത്യയോടു ചേര്‍ന്ന കിഴക്കന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നതിനാല്‍ ഇതിനു സാധിക്കുന്നില്ലെന്നുമാണ് ഇതിനു കാരണമായി ഖുറേഷി യു.എസ് നേതാക്കള്‍ക്കു മുന്നില്‍ വച്ചത്. ഇന്ത്യയുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കു ശ്രദ്ധിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനാല്‍ സമാധാന ചര്‍ച്ചയ്ക്കു വഴിയൊരുക്കാന്‍ അമേരിക്കയ്ക്ക് ആകുമെന്നായിരുന്നു ഖുറേഷിയുടെ വാദം. എന്നാല്‍, വിഷയം ഉഭയകക്ഷിപരമായി തന്നെ കൈകാര്യം ചെയ്യാനായിരുന്നു യു.എസ് വൃത്തങ്ങളുടെ നിര്‍ദേശമെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ഇടപെട്ടില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അതൊരിക്കലും നല്ലതിനാകില്ല. മിന്നലാക്രമണം പോലുള്ള നടപടികള്‍ ശരിയല്ല. തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. അതിനാല്‍ അതൊരു രാഷ്ട്രീയവിഷയം കൂടിയാണെന്നും ഖുറേഷി പറഞ്ഞു. പാക് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എപ്പോഴും സന്നദ്ധമാണെന്നും എന്നാല്‍, ഇന്ത്യയാണ് ഇക്കാര്യത്തില്‍നിന്നു പിന്മാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടുതല്‍ നല്ല നിര്‍ദേശം പങ്കുവയ്ക്കാനുണ്ടെങ്കില്‍ ഇന്ത്യ പറയണം. ചര്‍ച്ച ചെയ്യാതിരിക്കല്‍, പരസ്പരമുള്ള സംസാരം ഉപേക്ഷിക്കലാണെങ്കില്‍ നല്ലത്. അക്കാര്യം ഇന്ത്യ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''ഇന്ത്യ സമാധാനത്തിലേക്ക് ഒരടി വച്ചാല്‍ പാകിസ്താന്‍ രണ്ടടി വയ്ക്കുമെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ അധികാരമേറ്റ ശേഷം നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. അതാണ് ഇരുരാജ്യങ്ങള്‍ക്കും നല്ലത് എന്നതു കൊണ്ടായിരുന്നു ഈ നിലപാട്. അല്ലാതെ ആരെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല.''-ഖുറേഷി സൂചിപ്പിച്ചു.
പാകിസ്താനില്‍ അധികാരമേറ്റയുടന്‍ ഇന്ത്യയെ ഇമ്രാന്‍ ഖാന്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രിക്കു നേരിട്ടയച്ച കത്തിലൂടെയായിരുന്നു ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍, ആദ്യം ക്ഷണം സ്വീകരിച്ച ഇന്ത്യ പിന്നീട് ഇതില്‍നിന്നു പിന്മാറുകയായിരുന്നു. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ സമാപിച്ച യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."