കുത്തേറ്റത് ഹൃദയത്തില്‍; അതിവേഗം രക്തം വാര്‍ന്നത് മരണ കാരണം; ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ സംഘട്ടനത്തില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്‌മാന്റെ മരണകാരണം അതിവേഗം രക്തം വാര്‍ന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഔഫിന്‍രെ ഹൃദയത്തില്‍ മുറിവേറ്റിരുന്നു. ഒറ്റക്കുത്തില്‍ ശ്വാസകോശം തുളച്ചു കയറി ഹൃദയ ധമനികള്‍ മുറിഞ്ഞെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇത് മൂലം അതിവേഗം രക്തം വാര്‍ന്നതാണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
സംഭവത്തില്‍ മുഖ്യപ്രതിയെന്ന് ആരോപിക്കുന്ന ഇര്‍ഷാദിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് പൊലിസ് കാഞ്ഞങ്ങാട് എത്തിച്ചത്. ഇര്‍ഷാദിന്റെ പരിക്ക് ഗുരുതരമല്ലെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇര്‍ഷാദ്.
ഔഫ് വധം: ഇര്‍ഷാദും കസ്റ്റഡിയില്‍, കാഞ്ഞങ്ങാട് എത്തിച്ചു, പരുക്ക് ഗുരുതരമല്ലെന്ന് പൊലിസ്
ഔഫിനെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘമാണെന്ന മുഹമ്മദ് ശുഹൈബിന്റെ മൊഴിയെ തുടര്‍ന്നാണ് പൊലിസ് യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍ മുണ്ടത്തോട്, ഇസ്ഹാഖ് മുണ്ടത്തോട് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇസ്ഹാഖിനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയനുസരിച്ച് നാല് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് പൊലിസ് അറിയിച്ചു.
ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗമായ ഔഫിനെയും സുഹൃത്തിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."