നോര്‍ക്ക അറ്റസ്റ്റേഷന്‍ മലപ്പുറത്ത് നിര്‍ത്തലാക്കിയിട്ട് ആറുമാസത്തിലേറെയായി
മലപ്പുറം: നൂറുകണക്കിനു ഉദ്യോഗാര്‍ഥികള്‍ക്കു സഹായകമായിരുന്ന നോര്‍ക്ക അറ്റസ്റ്റേഷന്‍ മലപ്പുറത്ത് നിര്‍ത്തലാക്കിയിട്ടു ആറുമാസത്തിലേറെയായി. വിദേശത്ത് ജോലിചെയ്യുന്നതിനു സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുന്നതിനു ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് കോഴിക്കോട് റിജീയനല്‍ ഓഫിസില്‍. തിരുവന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആഴ്ചയില്‍ നാലു ദിവസം അറ്റസ്‌റ്റേഷന്‍ സൗകര്യമുള്ളത്. ജില്ലാ കലക്ടറേറ്റില്‍ രണ്ടുവര്‍ഷം മുന്‍പാണ് എല്ലാ മാസവും അവസാന വ്യാഴാഴ്ച അറ്റസ്റ്റേഷന്‍ ക്യാംപ് അനുവദിച്ചത്.
ഈ ദിവസങ്ങളില്‍ നൂറു മുതല്‍ അന്‍പത് വരേ ആളുകളാണ് കൗണ്ടറിലെത്തിയിരുന്നത്. എന്നാല്‍ ആറുമാസം മുന്‍പാണ് അവസാനമായി മലപ്പുറം കലക്ടറേറ്റില്‍ നോര്‍ക്ക അറ്റസ്‌റ്റേഷന്‍ ക്യാംപ് നടന്നത്. വേണ്ടത്ര അപേക്ഷകര്‍ വരുന്നില്ലെന്ന കാരണമാണ് അധികൃതര്‍ പറയുന്നത്. ഇതോടെ കാസര്‍കോട് മുതല്‍ പാലക്കാട് വരേയുളള ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കോഴിക്കോട് ഓഫിസിനെ ആശ്രയിക്കേണ്ടി വരുന്നു.
നോര്‍ക്ക റൂട്ട്‌സ് വഴി വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനു പോകുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണവും ജില്ലയില്‍ കൂടുതലാണ്. നഴ്‌സിങ് മേഖലയില്‍ നിന്നുള്ളവരാണ് ഇവരിലേറെയും.
ഓരോ മാസവും ജില്ലയില്‍ നിന്നും കൂടുതല്‍ അപേക്ഷകരുമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ ജില്ലയില്‍ തന്നെ സംവിധാനമുണ്ടാകുന്നത് നിരവധി പേര്‍ക്ക് സൗകര്യമായിരുന്നു. വിദേശ എംബസികളില്‍ യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഇരുപത് ദിവസവും കുവൈത്തിലേക്ക് ഒന്നര മാസവുമാണ് അറ്റസ്റ്റേഷന്‍ നടപടിയുടെ സമയക്രമം. ഇവിടെങ്ങളിലേക്ക് യഥാക്രമം 3750, 3000, 2750, 1250 എന്നിങ്ങനെയാണ് ഫീസ്. മറ്റു രാജ്യങ്ങളിലേതു നോര്‍ക്ക ഫീസ് മതി. നോര്‍ക്ക 708 രൂപയും അറ്റസ്റ്റേഷന്‍ ഫീസായി 75 രൂപയുമാണ് ഈടാക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷ അനുസരിച്ചാണ് അറ്റസ്‌റ്റേഷന്‍ നടപടി ക്രമീകരിക്കുന്നത്. നോര്‍ക്ക വഴിയുളള വിവിധ ആവശ്യങ്ങള്‍ക്കു കലക്ടറേറ്റില്‍ ഏകാംഗ സെക്ഷന്‍ മാത്രമാണ് നിലവിലുള്ളത്. വിദേശ മലയാളികള്‍ ഏറെയുള്ള മലപ്പുറത്ത് റിജീനല്‍ ഓഫിസ് തുടങ്ങാനുള്ള നടപടികളുമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."