ശമ്പള-ആനുകൂല്യ നിഷേധം; കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ശമ്പള, ബോണസ് കുടിശ്ശിക തീര്‍ക്കുക, കൃത്യമായി കുടിവെള്ളം ലഭ്യമാക്കുക, കമ്പിളി പുതപ്പ് വിതരണം ചെയ്യുക, വീടുകള്‍ താമസയോഗ്യമാക്കുക, വിരമിച്ച തൊഴിലാളികള്‍ക്ക് അടിയന്തരമായി ഗ്രാറ്റുവിറ്റി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും.
എസ്‌റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിലായി 167 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മൂന്ന് മാസമായി ഇവരുടെ ശമ്പളം നല്‍കിയിട്ടില്ല.
വിരമിച്ച 72 തൊഴിലാളികള്‍ക്ക് ഇനിയും ഗ്രാറ്റുവിറ്റി ലഭിക്കാനുണ്ട്. സര്‍വിസില്‍ നിന്നും പിരിഞ്ഞ ഇവര്‍ നിരവധി വര്‍ഷങ്ങള്‍ എസ്റ്റേറ്റില്‍ തുടര്‍ന്നും ജോലി ചെയ്തിരുന്നു. ഇവരുടെ പി.എഫിലേക്കെന്ന് പറഞ്ഞ് പിടിച്ച തുകയും മാനേജ്‌മെന്റ് അടച്ചില്ല.
ഈ വിഷയങ്ങള്‍ ഉയര്‍ത്തി നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ മാനേജ്‌മെന്റ് തയാറായിട്ടില്ല. ഇതോടെയാണ് തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഇക്കഴിഞ്ഞ 29ന് എസ്‌റ്റേറ്റ് ഓഫിസ് ഉപരോധിച്ചിരുന്നു.
ഇനിയും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മൂന്നാം ഘട്ടമായി എസ്റ്റേറ്റ് ഉടമയുടെ കാസര്‍കോട്ടെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തും.
അവസാനഘട്ടമായി തൊഴിലാളികള്‍ ഭൂമി കൈവശപ്പെടുത്തി കുടില്‍കെട്ടി ചപ്പ് പറിച്ച് വില്‍പ്പന നടത്താനാണ് തീരുമാനം.
കലക്ടറേറ്റ് മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി.
യു കരുണന്‍ സ്വാഗതം പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സാംപി മാത്യു, ബി.കെ ബാബു,എന്‍ വേണുഗോപാല്‍, എം ബാലകൃഷ്ണന്‍, ഡി രാജന്‍, പി.കെ അനില്‍ കുമാര്‍, കെ.ടി ബാലകൃഷ്ണന്‍ , പി സൈനുദ്ദീന്‍, കെ സൈതലവി, കെ.കെ രാജേന്ദ്രന്‍, കെ നാഗന്‍, പി ജയകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."