ബീഫ് വില്പന നടത്തിയ അറവുകാരനു ഭീക്ഷണി
ചാവക്കാട്: യൂത്ത് കോണ്‍ഗ്രസിനു വേണ്ടി ബീഫ് വില്പന നടത്തിയ അറവുകാരനു ഭീക്ഷണി. ബി.ജെ.പി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാക്കേറ്റമായി പൊലിസ് ശാന്തരാക്കി. ഇന്നലെ മുതുവട്ടൂര്‍ സെന്ററിലാണ് സംഭവം.
അറവുകാരനായ ഹനീഫയില്‍ നിന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫ് സമരത്തിന്റെ ഭാഗമായി വാങ്ങിയത്. ഹനീഫ തന്നെയാണ് സമരക്കാര്‍ക്കായി മുതുവട്ടൂര്‍ സെന്ററില്‍ താല്‍ക്കാലിക സ്ഥലത്ത് ഇറച്ചി വില്പനയ്ക്ക് വച്ചതും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വില കുറച്ചായിരുന്നു കച്ചവടം. കച്ചവടം തുടങ്ങിയ സമയം തന്നെ ഗുരുവായൂര്‍ പൊലിസെത്തി ബീഫ് കച്ചവടത്തിനെതിരേ ബി.ജെ.പി പരാതി തന്നിട്ടുണ്ടെന്നും കച്ചവടം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അതിനു കഴിയില്ലെന്നും നിര്‍ബന്ധമെങ്കില്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് കേസെടുത്തോളാനും നേതാക്കള്‍ പറഞ്ഞതോടെ പൊലിസ് പിന്‍വാങ്ങി. കച്ചവടം കഴിഞ്ഞു അറവുകാര് തിരിച്ചു പോകുമ്പോഴാണ് തടഞ്ഞു നിറുത്തി ഹനീഫയെ ഭീക്ഷണിപ്പെടുത്തിയത്. കടയും വാഹനങ്ങളും കത്തിക്കുമെന്നും അറവ് അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇരു വിഭാഗവും വാക്കേറ്റവും വെല്ലുവിളികളുമുയര്‍ത്തി.
പൊലിസ് സ്ഥലത്തെത്തി ശാന്തരാക്കി ഇരു വിഭാഗത്തെയും പിരിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പൊലിസ് സംഭവങ്ങള്‍ വീക്ഷിച്ചു വരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര് രവികുമാര്‍, എച്ച്.എം നൗഫല്‍, തബ്ഷീര്‍ ഫവാസ്, സൈസണ്‍ മാറോക്കി, ജോബി, സത്താര്‍, കെ.വി ബദറുദ്ധീന്‍, അക്ബര്‍ കോനോത്ത്, അനീഷ് പാലയൂര്‍, മനോഹരന്, റാഫി എന്നിവര്‍ ബീഫ് കച്ചവടത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."