ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആകെയുള്ളത് രണ്ട് ഡോക്ടര്‍മാര്‍
ബാലുശ്ശേരി : അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ദൈവ പുത്രനെപ്പോലെ രണ്ട് ഡോക്ടര്‍മാരെക്കൊണ്ട് അറുന്നൂറോളം രോഗികളെ പരിശോധിച്ച് ചികിത്സ നല്‍കുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ദുരിതം അനുഭവിച്ചവര്‍ക്കേ ബോധ്യമാവുകയുള്ളു.
ഇന്നലെ അഞ്ഞൂറ്റി തൊണ്ണൂറ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നന്മണ്ട, കാക്കൂര്‍ പഞ്ചായത്തുകളില്‍ പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പകരം സംവിധാനമൊരുക്കാതെ ഡോക്ടര്‍മാര്‍ അവധിയിലായത്.
പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് വിവിധ സംഘടനകള്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ കുറവ്. ഇന്നലെ രാവിലെ ഏഴോടെ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ നീണ്ട വരിയായിരുന്നു. പത്തായപ്പോഴേക്കും നാനൂറോളം രോഗികള്‍ എത്തിയിരുന്നു.
എന്നാല്‍ രണ്ടു ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ പരിശോധനയ്ക്കുണ്ടായിരുന്നത്. ഊഴവും കാത്തിരുന്ന് മടുത്ത ഏതാനും രോഗികള്‍ മറ്റു സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ഉച്ചയായിട്ടും പകുതിയിലധികം രോഗികള്‍ വരിയില്‍ തന്നെയായിരുന്നു.
മലയോര മേഖല ഉള്‍പ്പെടെ ഏഴ് പഞ്ചായത്തുകളിലെ രോഗികളുടെ അഭയ കേന്ദ്രമാണിത്. താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടില്ല.
വയലട, മണിച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് നിര്‍ധനരായ രോഗികള്‍ ഏറെ പ്രയാസപ്പെട്ടാണ് ബാലുശ്ശേരിയിലെത്തുന്നത്.
ഭക്ഷണം പോലും കഴിക്കാതെയാണ് രോഗികളും പരിചാരകരും നീണ്ട വരിയില്‍ സ്ഥാനം പിടിക്കുന്നത്. ഇവിടെ എത്തിയതിനു ശേഷമാണ് ഡോക്ടര്‍മാരുടെ അഭാവമറിയുന്നത്.
മറ്റു വഴികളില്ലാതെ രോഗികളേയും കൊണ്ട് വൈകുന്നേരം വരെ ഇരിക്കുക മാത്രമേ ഇവര്‍ക്ക് നിര്‍വാഹമുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."