കരിയറിലെ മധുരമേറിയതും കയ്‌പേറിയതുമായിരുന്നു ആ ഫൈനല്‍: ഗുപ്റ്റില്‍
വെല്ലിങ്ടണ്‍: ക്രിക്കറ്റ് കരിയറിലെ എറ്റവും മധുരമേറിയതും കയ്‌പേറിയതുമായ ദിനമായിരുന്നു ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലെന്ന് ന്യൂസിലന്‍ഡ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോര്‍ഡ്‌സില്‍ നടന്ന ക്ലാസിക് ഫൈനല്‍ കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. വ്യത്യസ്തമായ പല തരത്തിലുള്ള വികാരങ്ങളിലൂടെയും കടന്നു പോയ ദിവസമായിരുന്നു അത്. ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നല്ലതും മോശവുമായ ദിവസവും അതു തന്നെ. എങ്കിലും ന്യൂസിലന്‍ഡ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. നിങ്ങള്‍ എല്ലാവരും നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്കു നന്ദിയുണ്ടെന്നും പറഞ്ഞു കൊണ്ടാണ് ഗുപ്റ്റിലിന്റെ ട്വീറ്റ് അവസാനിക്കുന്നത്.
ലോകകപ്പ് ഫൈനലില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയിലാണ് കിവീസിനെ മറികടന്ന് ഇംഗ്ലണ്ട് ചാംപ്യന്‍മാരായത്. നിശ്ചിത ഓവറിലും പിന്നീട് നടന്ന സൂപ്പര്‍ ഓവറിലും ഇരുടീമും സമനില പാലിച്ചു. ഫൈനലിലെ അവസാന ഓവറില്‍ ഗുപ്റ്റിലിന്റെ ത്രോ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍തട്ടി ബൗണ്ടറി കടന്നത് കിവീസിന്റെ കിരീടമോഹം തന്നെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഓവര്‍ ത്രോയ്ക്ക് ആറു റണ്‍സാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. ഇത് വിവാദമാവുകയും ചെയ്തു. സൂപ്പര്‍ ഓവറില്‍ അവസാന പന്തില്‍ രണ്ടു റണ്‍സാണ് കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ടാമത്തെ റണ്‍സ് നേടാനുള്ള ശ്രമത്തില്‍ ഗുപ്റ്റില്‍ റണ്ണൗട്ടായതോടെ വീണ്ടും സമനിലയിലാവുകയും കിരീടം ഇംഗ്ലണ്ട് ചൂടുകയും ചെയ്തു.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുന്നത്. 2015ലെ ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ മുന്‍പന്തിയിലെത്തി ടീമിനെ ഫൈനല്‍ വരെ എത്തിച്ചെങ്കിലും അന്ന് കിരീടം കൈവിടുകയായിരുന്നു. എന്നാല്‍, ആ ലോകകപ്പില്‍നിന്ന് വിപരീതമായി ഇത്തവണ താരം ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."