ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറി വിവേക് വിജയഗിരിയെ സംഘടനയില്‍ നിന്ന് പുറത്താക്കി. ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. സംഭവത്തില്‍ വിവേക് സംഘടനയ്ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്.
സംഘടനയോട് ആലോചിക്കാതെ പരാതി പിന്‍വലിക്കുകയും പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുകയും ചെയ്തതിനാണ് നടപടി. പരാതി പിന്‍വലിച്ചത് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെയാണെന്ന് സംഭവം വിവാദമായതോടെ വിവേക് ആരോപിച്ചിരുന്നു. എന്നാല്‍ വിവേകിന്റെ തീരുമാനം വ്യക്തിപരമാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ലക്ഷ്മി നായര്‍ക്കെതിരേ നല്‍കിയ കേസ് എ.ഐ.എസ്.എഫ് പിന്‍വലിച്ചിട്ടില്ലെന്നും വിവേക് പരാതി പിന്‍വലിച്ചത് വ്യക്തിപരമായ തീരുമാനമാണെന്നും മുന്‍പ് കാനം പറഞ്ഞിരുന്നു.
അതേസമയം എല്ലാം തന്റെ തലയില്‍ വച്ചിട്ട് തടി തപ്പാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് വിവേക് ഫേസ്ബുക്കില്‍ കുറിച്ചു. കേസ് നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം എ.ഐ.എസ്.എഫ് നല്‍കിയില്ലെന്നും വിവേക് ആരോപിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പിന്‍വലിക്കുന്ന കാര്യം അറിയിച്ചു. കാനം രാജേന്ദ്രന്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ മുഖേനയാണ് കേസ് പിന്‍വലിച്ചത്.
ഇക്കാര്യം എ.ഐ.എസ്.എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നുവെന്നും വിവേക് വ്യക്തമാക്കി. ലക്ഷ്മി നായര്‍ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുകാണിച്ചു സമരകാലത്ത് വിവേക് നല്‍കിയ പരാതി വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ലോ അക്കാദമി സമരം ശക്തിപ്പെടുത്താന്‍ വിവേകിന്റെ പരാതിയോടെ എ.ഐ.എസ്.എഫിന് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സംഘടനയറിയാതെ പരാതി പിന്‍വലിച്ചതാണ് എ.ഐ.എസ്.എഫ് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചത്. അക്കാദമി മാനേജ്‌മെന്റ് സി.പി.ഐയിലെ ചില ജില്ലാ നേതാക്കളെ സ്വാധീനിച്ച് വിവേകിനെ കൊണ്ട് പരാതി പിന്‍വലിപ്പിച്ചതാണെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."