പ്രളയം: അടിയന്തര കര്‍മ പദ്ധതി വേഗത്തിലാക്കാന്‍ കെ.എസ്.ഇ.ബി സ്‌പെഷ്യല്‍ ടീം
തൊടുപുഴ: മഹാപ്രളയം മുന്‍നിര്‍ത്തി അടിയന്തര കര്‍മ പദ്ധതിയും (എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍), ഡാം ബ്രേക്ക് അനാലിസിസും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കെ.എസ്.ഇ.ബി സ്‌പെഷ്യല്‍ ടീം രൂപീകരിച്ചു. ഹൈഡ്രോളജി വിദഗ്ധന്‍ കൂടിയായ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി. മോഹനന്റെ നേതൃത്വത്തില്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ നൈനാന്‍, അസി. എന്‍ജിനീയര്‍മാരായ സി.ആര്‍ ജയകുമര്‍, വി. ഈശ്വരയ്യ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സ്‌പെഷ്യല്‍ ടീം രൂപീകരിച്ചിരിക്കുന്നത്. 2019ലെ മണ്‍സൂണിന് മുന്‍പ് പ്രാവര്‍ത്തികമാക്കേണ്ടതിനാല്‍ ആറു മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഓരോ അണക്കെട്ടും വ്യക്തിഗതമായെടുത്ത് അത് തകര്‍ന്നാല്‍, അല്ലെങ്കില്‍ വെള്ളപ്പൊക്കത്തില്‍ കവിഞ്ഞൊഴുകിയാല്‍ എവിടെയൊക്കെയാകും വെള്ളം കയറുക, ഏതൊക്കെ മേഖലകളെയാകും വെള്ളപ്പൊക്കം ബാധിക്കുക തുടങ്ങിയവയാണ് ഡിജിറ്റലൈസ് ചെയ്ത് പരിശോധിക്കേണ്ടത്. ഉപഗ്രഹ സഹായത്തോടെ പൂര്‍ണമായും കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. പ്രളയ മാപ്പ് ഗ്രാഫിക് മോഡലുകളുടെ പിന്‍ബലത്തോടെ തയാറാക്കണം. ഇതിനായി സോഫ്റ്റ്‌വെയര്‍ വിദഗ്ധനായ ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ സേവനം ലഭ്യമാക്കും.
ലോക ബാങ്ക് പദ്ധതിയായ ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടില്‍ (ഡ്രിപ്) പ്പെടുത്തി ഡാം ബ്രേക്ക് അനാലിസിസ് നടത്താനാണ് പദ്ധതി. വൈദ്യുതി ബോര്‍ഡിന്റെ 14 ഡാമുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടിട്ടുണ്ട്. ഇടുക്കി, കുളമാവ്, ചെറുതോണി, ശബരിഗിരി, കക്കി, ലോവര്‍ പെരിയാര്‍, പമ്പ, ആനത്തോട്, മാട്ടുപ്പെട്ടി, കുണ്ടള, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, പൊന്മുടി ഡാമുകളാണ് ഡ്രിപില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടമലയാര്‍ ഡാമുകളുടെ ഡാം ബ്രേക്ക് അനാലിസിസ് ബോര്‍ഡ് നേരിട്ടാണ് നടത്തുന്നത്.
അതിനിടെ, ഡാമുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ സമഗ്രമായ പദ്ധതി വേണമെന്ന് വൈദ്യുതി ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിനോടും ജല കമ്മിഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളേറെയും പരസ്പരം ബന്ധപ്പെട്ടവയാണ്. ഇത് കണക്കിലെടുത്ത് ഈ ഡാമുകളെയെല്ലാം കോര്‍ത്തിണക്കിയുള്ള സമഗ്രമായ ഡാം ബ്രേക്ക് അനാലിസിസാണ് ആവിഷ്‌കരിക്കേണ്ടതെന്നാണ് ബോര്‍ഡിന്റെ നിലപാട്. തൃശൂര്‍ ആസ്ഥാനമായാണ് സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."