തെരഞ്ഞെടുപ്പ് പരാജയം: ഹൈക്കമാന്‍ഡ് പ്രതിനിധിക്കു മുന്നില്‍ പരാതിക്കെട്ടഴിച്ച് നേതാക്കള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കുന്നതിന് തിരുവനന്തപുരത്ത് എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനു മുന്നില്‍ സംഘടനാസംവിധാനത്തിനുള്ളിലെ പോരായ്മകള്‍ സംബന്ധിച്ച പരാതികളുടെ കെട്ടഴിച്ച് നേതാക്കള്‍.
സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം പ്രത്യക്ഷത്തില്‍ ഉന്നയിച്ചില്ലെങ്കിലും ജില്ലാതലങ്ങളില്‍ മാറ്റം വേണമെന്ന് നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏകോപനത്തിന്റെ കുറവുണ്ടായെന്നും തെരഞ്ഞെടുപ്പ് ഫണ്ടോ പോസ്റ്ററോ സ്ഥാനാര്‍ഥികളിലേക്ക് എത്തിയിരുന്നില്ലെന്നും നേതാക്കള്‍ പരാതിപ്പെട്ടു. ഗ്രൂപ്പിന്റെ അതിപ്രസരവും ചിലര്‍ എടുത്തുപറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലെ ഓരോ അംഗവുമായും താരീഖ് അന്‍വര്‍ പ്രത്യേകം സംസാരിച്ചു.
തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്ന് ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. ഗ്രൂപ്പ് വീതം വയ്പും ഗ്രൂപ്പ് അതിപ്രസരവുമാണ് പരാജയ കാരണമെന്നും പ്രതാപന്‍ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയാണ് പരാജയ കാരണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ വീഴ്ചയുണ്ടായെന്നും സോഷ്യല്‍ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാനും വോട്ട് ചോര്‍ച്ച പരിഹരിക്കാനും കഴിഞ്ഞില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കണമെന്ന് പി.സി ചാക്കോ ആവശ്യപ്പെട്ടു. ഡി.സി.സികള്‍ പുന: സംഘടിപ്പിക്കണമെന്ന ആവശ്യം കെ.സി ജോസഫും അടൂര്‍ പ്രകാശും ഉന്നയിച്ചു. ഇന്നലെ രാവിലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും താരീഖ് അന്‍വറുമായി സംസാരിച്ചിരുന്നു. എം.എല്‍.എമാരുമായും എം.പിമാരുമായും ആശയവിനിമയം നടത്തുന്ന താരീഖ് അന്‍വര്‍
ഇന്ന് ഘടകക്ഷി നേതാക്കളെയും കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."