സഊദി എയര്‍ലൈന്‍സ് റെഡി, അനങ്ങാതെ എയര്‍ ഇന്ത്യ
കോഴിക്കോട്: കരിപ്പൂരില്‍നിന്ന് അടുത്തമാസം ആദ്യത്തോടെ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കും. വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയതോടെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സഊദി എയര്‍ലൈന്‍സ്. ജിദ്ദ, റിയാദ് സര്‍വിസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സഊദി എയര്‍ലൈന്‍സ്. കോഴിക്കോടുനിന്നുള്ള സര്‍വിസ് അടുത്തയാഴ്ച ആരംഭിക്കാന്‍ കഴിയുമായിരുന്നെങ്കിലും ഇപ്പോള്‍ തിരുവനന്തപുരത്തുനിന്നു നടത്തുന്ന സര്‍വിസുകള്‍ തുടരുന്നതു സംബന്ധിച്ചുള്ള ചില പ്രശ്‌നങ്ങളാണ് നീണ്ടുപോകാന്‍ കാരണം.
ഇതു സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പരിഹരിച്ചുവെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത ദിവസം തന്നെ കോഡ് ഇ വിഭാഗത്തില്‍പ്പെട്ട വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നേക്കും. എന്നാല്‍, കരിപ്പൂരില്‍നിന്നു വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്താനുള്ള എയര്‍ ഇന്ത്യയുടെ നീക്കങ്ങള്‍ എവിടെയും എത്തിയിട്ടില്ല.
വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാലും സഊദി എയര്‍ലൈന്‍സിനൊപ്പം എയര്‍ ഇന്ത്യയ്ക്ക് വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍നിന്നു പറത്താന്‍ ഉടനാകില്ലെന്നാണ് ഇതു നല്‍കുന്ന സൂചന. കരാര്‍ പ്രകാരം 5500 സീറ്റുകളാണ് എയര്‍ ഇന്ത്യക്കുള്ളത്. എയര്‍ ഇന്ത്യ വലിയ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുന്നതുവരെ ഇത്രയും പേര്‍ക്കുള്ള യാത്രാസൗകര്യം നഷ്ടപ്പെടും.
സഊദി എയര്‍ലൈന്‍സിന്റെ ഏഴ് സര്‍വിസുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. ഇപ്പോള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്നു സഊദി അറേബ്യ എയര്‍ലൈന്‍സ് നടത്തുന്ന 14 സര്‍വിസില്‍ ഏഴെണ്ണമാണ് കരിപ്പൂരിലേക്ക് മാറ്റുന്നത്. നേരത്തെ കരിപ്പൂരില്‍നിന്ന് ഓപറേറ്റ് ചെയ്ത സര്‍വിസുകളായിരുന്നു ഇത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കോഴിക്കോടുനിന്നുള്ള സഊദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വിസ് നിലച്ചിരിക്കുകയായിരുന്നു.
റണ്‍വേയുടെ തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി അടച്ചശേഷം വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നതിനുള്ള അനുമതി റദ്ദ് ചെയ്തതിനെ തുടര്‍ന്നാണ് ഈ സര്‍വിസുകള്‍ നെടുമ്പാശേരിയിലേക്കു മാറ്റിയത്. ഇതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ സെന്ററും നെടുമ്പാശ്ശേരിയിലേക്കു മാറ്റിയിരുന്നു. കരിപ്പൂരില്‍നിന്നു നെടുമ്പാശ്ശേരിയിലേക്കു മാറ്റിയ ഹജ്ജ് കേന്ദ്രം പുനസ്ഥാപിക്കാന്‍ കഴിയുന്നതാണ് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി. നിര്‍ത്തലാക്കപ്പെട്ട കോഴിക്കോട് ഹജ്ജ് കേന്ദ്രം പുനസ്ഥാപിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയതായും കേന്ദ്ര വ്യോമയാന മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്.
കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളം ഡിസംബര്‍ ഒന്‍പതിനാണ് കമ്മിഷന്‍ ചെയ്യുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു വലിയ വിമാനങ്ങള്‍ കൂടി സര്‍വിസ് ആരംഭിക്കുന്നതോടെ മലബാര്‍ ഇനി വ്യോമയാന ഭൂപടത്തില്‍ നിര്‍ണായകമാകും.
വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് ഇല്ലാതിരുന്നിട്ടും 27 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം കരിപ്പൂര്‍ വഴി വന്നത്. നെടുമ്പാശ്ശേരിയില്‍ ഇത് 54 ലക്ഷവും തിരുവനന്തപുരത്ത് 24 ലക്ഷവുമാണ്. കണ്ണൂര്‍ വിമാനത്താവളം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനും തിരിച്ചും ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. കരിപ്പൂരില്‍ എത്തുന്ന വിമാനങ്ങള്‍ക്ക് പാര്‍ക്കിങിനായി ഇനി കണ്ണൂര്‍ വിമാനത്താവളത്തെ ഉപയോഗിക്കാനാകും. കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുന്നതോടെ ആഭ്യന്തര സര്‍വിസുകളുടെ കാര്യത്തിലും കരിപ്പൂരില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."