വിദ്യാര്‍ഥിനികള്‍ക്ക് പ്രിന്‍സിപ്പലിന്റെ ഭീഷണി; അനേ്വഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കോളജ് അധികൃതരുടെ നിര്‍ദേശപ്രകാരം കോളജില്‍ നടന്ന നൃത്ത പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കരമന പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംഭവത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും അറിയിക്കണം. നീറമണ്‍കര എന്‍.എസ്.എസ് വനിതാ കോളജിലെ പ്രിന്‍സിപ്പലിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മാനേജ്‌മെന്റിന്റെ നിര്‍ദേശ പ്രകാരം വ്യാഴാഴ്ച സൂംപാ നൃത്തം പരിശീലിക്കുന്നതിന് ചെന്ന വിദ്യാര്‍ഥിനികളാണ് അപമാനിക്കപ്പെട്ടതെന്ന് ഒരു വിദ്യാര്‍ഥിനിയുടെ രക്ഷകര്‍ത്താവായ കെ. രാജശേഖരന്‍ പിള്ള നല്‍കിയ പരാതിയില്‍ പറയുന്നു. നൃത്തപരിശീലനത്തിനെത്തിയ പുരുഷ അധ്യാപകര്‍ നിര്‍ദേശിച്ച ചുവടുകള്‍ വയ്ക്കുമ്പോള്‍ അവിടെയെത്തിയ പ്രിന്‍സിപ്പല്‍ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ഇതിനെ വിദ്യാര്‍ഥിനികള്‍ എതിര്‍ത്തു. സംഭവസ്ഥലത്തെത്തിയ കരമന പൊലിസ് ഇരു വിഭാഗങ്ങളോടും സംസാരിച്ച് സമവായമുണ്ടാക്കി.
എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥിനികളെ കോളജിനകത്ത് പൂട്ടിയിട്ടു. വ്യാഴാഴ്ച നടന്ന സംഭവം പൊലിസിനെ അറിയിച്ച വിദ്യാര്‍ഥിനികള്‍ക്ക് ടി.സി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഇന്റേണല്‍ മാര്‍ക്ക് തരില്ലെന്നും ഭീഷണിയുണ്ടായി. മാനേജ്‌മെന്റിന്റെ നിര്‍ദേശ പ്രകാരം നൃത്തപരിശീലനത്തില്‍ ചെന്നവര്‍ക്കാണ് ദുരനുഭവമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."