സംവരണ ബാക്ക്‌ലോഗ് നികത്താന്‍ നടപടി വേണം: മുഖ്യമന്ത്രിക്ക് നിവേദനവുമായി സമസ്ത
മലപ്പുറം: തൊഴില്‍ വിദ്യാഭ്യാസ മേഖലയിലെ എല്ലാ തസ്തികകളിലും മുസ്‌ലിംകള്‍ക്ക് അര്‍ഹമായ 12 ശതമാനം സംവരണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന മുഖ്യമന്ത്രിക്ക് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ നിവേദനം.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക സംവരണം ഏര്‍പ്പെടുത്തുകയും നരേന്ദ്രന്‍ കമ്മിഷനിലും പാലോളി കമ്മിഷനിലും നിര്‍ദേശിച്ച സംവരണ ബാക്ക് ലോഗ് നികത്താന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരളാ പര്യടനത്തിന്റെ ഭാഗമായി ഇന്നലെ മലപ്പുറത്ത് നടന്ന പരിപാടിയിലാണ് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയത്. സമസ്തയ്ക്ക് വേണ്ടി സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ പങ്കെടുത്തു.
പത്ത് വര്‍ഷം കൂടുമ്പോള്‍ സാമൂഹിക സാമ്പത്തിക ജാതി സര്‍വേ നടത്താനുള്ള നിയമം നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുക, അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കുക, വഖ്ഫ്, ഹജ്ജ്, മദ്‌റസാ ക്ഷേമനിധി, ഓര്‍ഫനേജ് തുടങ്ങിയ വിവിധ മേഖലയിലെ സര്‍ക്കാര്‍ കമ്മിറ്റിയില്‍ സമസ്തയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുക, റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ബാലനീതി നിയമ പരിധില്‍നിന്നും യതീംഖാനകള്‍ ഉള്‍പ്പെടെ മതസ്ഥാപനങ്ങള്‍ക്ക് പരിരക്ഷ നല്‍കുക, പിന്നോക്ക ന്യൂനപക്ഷ പ്രദേശങ്ങളില്‍ കൂടുതല്‍ കൊളജുകളും കോഴ്‌സുകളും അനുവദിക്കുക, വഖ്ഫ് ബോര്‍ഡ് ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ അനുപാതത്തില്‍ ലഭ്യമാക്കുക, സ്‌കൂളുകളില്‍ അറബി ഭാഷാ പഠനത്തിന് കാര്യക്ഷമമായ സംവിധാനം ഏര്‍പ്പെടുത്തുക, കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുക, കൊവിഡ് മാനദണ്ഡം പാലിച്ച് പള്ളി, മദ്‌റസ, ദര്‍സ്, യതീംഖാന, അറബിക് കോളജുകള്‍ എന്നിവ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുക, ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്ത ശേഷമുള്ള സ്ഥലത്ത് കെട്ടിടനിര്‍മ്മാണത്തിന് ഇളവും പള്ളി, മദ്‌റസ, പൊതു സംവിധാനങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കാന്‍ മതിയായ നഷ്ടപരിഹാരവും നല്‍കുക, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുള്‍പ്പെടെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളും കൂടുതല്‍ മികവുറ്റതാക്കുക, 60 വയസ് പിന്നിട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പദ്ധതികള്‍ക്ക് രൂപം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമസ്ത ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."