ഓപറേഷന്‍ പി ഹണ്ട്: യുവഡോക്ടറും പൊലിസ് ട്രെയിനിയുമടക്കം 41 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ സംസ്ഥാനത്ത് 41 പേര്‍ അറസ്റ്റില്‍. യുവഡോക്ടറും പൊലിസ് ട്രെയിനിയും ഐ.ടി പ്രൊഫഷണലുകളുമടക്കമുള്ളവരാണ് ഓപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റിലായത്.
ഞായറാഴ്ച ഒരേസമയമാണ് 465 ഇടങ്ങളിലായി പരിശോധന നടന്നത്. ആറിനും പതിനഞ്ചിനുമിടയിലുളള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും വാട്‌സാപ്പിലും ടെലഗ്രാമിലുമുള്ള അശ്ലീല ഗ്രൂപ്പുകള്‍ പെരുകിയതായും കണ്ടെത്തിയതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഈ വര്‍ഷത്തെ മൂന്നാം പതിപ്പാണ് ഞായറാഴ്ച നടന്നത്. സംസ്ഥാന പൊലിസും സൈബര്‍ ഡോമും ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി ഹണ്ട്.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികളെ തിരഞ്ഞാണ് പി ഹണ്ട് ആരംഭിച്ചത്. കുട്ടികളുടെ നഗ്നചിത്രങ്ങളുള്ള മൊബൈല്‍ ഫോണുകളും ടാബും ആധുനിക ഹാര്‍ഡ് ഡിസ്‌കുകളും മെമ്മറി കാര്‍ഡുകളും ലാപ്‌ടോപ്പുകളും കംപ്യൂട്ടറുമടക്കം 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്. സുഖലോകം, സ്‌കൂള്‍, തേനൂറും ഈന്തപ്പഴം തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളില്‍ ശരാശരി നാനൂറിലധികം അംഗങ്ങളുണ്ടായിരുന്നു.
കുട്ടികളുടെ നഗ്നചിത്രങ്ങളാണ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തത്. പിടിക്കപ്പെട്ടവര്‍ക്ക് ഐ.ടി മേഖലയില്‍ സാങ്കേതിക ജ്ഞാനമുള്ളതിനാല്‍ നഗ്നചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് മറയ്ക്കാന്‍ ഇവര്‍ ആധുനിക ടൂളുകളാണ് ഉപയോഗിച്ചത്. കുട്ടികളെ കടത്തുന്നതിലും ഇവര്‍ക്കു ബന്ധമുള്ളതിന്റെ സൂചനകള്‍ ചാറ്റില്‍നിന്ന് ലഭിച്ചതായി പൊലിസ് പറയുന്നു.കാണുന്ന നഗ്ന വിഡിയോകള്‍ നൂതന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി.
കുട്ടികള്‍ ഉപയോഗിക്കുന്ന വെബ് കാമിനകത്ത് വൈറസ് കയറ്റിവിട്ട് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായും കണ്ടെത്തി. നഗ്ന വിഡിയോകള്‍ കാണുന്നവരില്‍ മിക്കവരും മൂന്നു ദിവസത്തിനിടയില്‍ അവരുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുമായിരുന്നു.
പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐ.പി വിലാസങ്ങള്‍ ശേഖരിച്ചും സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ വിവിധ ടൂളുകളുപയോഗിച്ചു ശേഖരിച്ചുമാണ് സൈബര്‍ ഡോം ഇവരെ കണ്ടെത്തിയത്. ഇവരെ പിടികൂടാനായി ജില്ലാ പൊലിസ് മേധാവികളുടെ കീഴില്‍ 320 ടീമുകളെ സജ്ജമാക്കി. സൈബര്‍സെല്‍ അംഗങ്ങളും സാങ്കേതിക വിദഗ്ധരും വനിതാ പൊലിസുകാരും ഉള്‍പ്പെടുന്നതായിരുന്നു ടീം.
ഞായറാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ മാത്രമല്ല കാണുന്നവരെയും കണ്ടെത്തി പോക്‌സോ കേസില്‍ നടപടി സ്വീകരിക്കാനാണ് സൈബര്‍ സെല്ലിന്റെ തീരുമാനം.
ഇതിനായി സംസ്ഥാനത്തെ വാട്‌സാപ്പ്, ടെലഗ്രാം ഗ്രുപ്പുകള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കു സംശയമുള്ള എല്ലാ ഗ്രൂപ്പുകളും പരിശോധിക്കാന്‍ നോഡല്‍ ഓഫിസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."