ഇടിഞ്ഞുവീണ മണ്ണ് റോഡില്‍ തന്നെ; റോഡ് തകരുമെന്ന് നാട്ടുകാര്‍
മീനങ്ങാടി: ദേശീയ പാതയോരത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാത്തത് റോഡിന്റെ തകര്‍ച്ചക്ക് കാരണമാകുന്നതിനും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനും കാരണമാകുന്നതായി പരാതിയുയരുന്നു.
ദേശീയ പാതയില്‍ കുട്ടിരായിന്‍ പാലത്തിന് സമീപമാണ് 100 മീറ്റര്‍ ദൂരത്തില്‍ മണ്ണിടിഞ്ഞ് വീണത്. റോഡിനോട് ചേര്‍ന്നുള്ള ഡ്രൈനേജ് പൂര്‍ണമായും മണ്ണ് മൂടിയതിനാല്‍ മഴ പെയ്താല്‍ ഒഴുകിയെത്തുന്ന വെള്ളം മണ്ണും ചളിയും ചേര്‍ന്ന് റോഡിലൂടെ ഒഴുകുകയാണ്. മണ്ണ് വീണതിനടിയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പും പൊട്ടിക്കിടക്കുന്നതിനാല്‍ റോഡിലൂടെ എപ്പോഴും വെള്ളമൊഴുകുന്ന സാഹചര്യമാണുള്ളത്. ഇത് റോഡിന്റെ തകര്‍ച്ചക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
റോഡില്‍ വളവോട് കൂടിയ ഭാഗത്ത് കുഴികള്‍ രൂപപ്പെടുന്നത് ഇരുചക്ര വാഹനങ്ങളെയാണ് അപകടത്തിലാക്കുന്നത്. കുഴിയറിയാതെ കുഴിയില്‍ വാഹനം ചാടുമ്പോള്‍ വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് പരുക്ക് പറ്റുന്നതിന് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
ഇങ്ങനെ അപകടം പതിവായ ഒരു കുഴി കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് അടച്ചിരുന്നു. എന്നാല്‍ ഇതൊന്നും പ്രശ്നത്തിന് പരിഹാരമാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഡ്രൈനേജിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഒഴുകാനിടമില്ലാതെ കെട്ടിക്കിടക്കുന്ന സാഹചര്യമുള്ളതിനാല്‍ കൊതുക് വളരുന്നതിനും ഇനിയും മണ്ണിടിയാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. മണ്ണ് നീക്കം ചെയ്ത് പ്രദേശത്തെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."