തരുവണ-നിരവില്‍പുഴ റോഡ് നിര്‍മാണം എട്ടിന് തുടങ്ങും
കല്‍പ്പറ്റ: തരുവണ-വെള്ളമുണ്ട-നിരവില്‍പുഴ റോഡ് നിര്‍മാണം ആദ്യഘട്ടം തിങ്കളാഴ്ചയും രണ്ടാംഘട്ടം 22 നും തുടങ്ങും. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ കര്‍മ സമിതിയുമായുള്ള ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ഒന്നാം ഘട്ടം തരുവണ മുതല്‍ എട്ടേ നാല്‍ വരെയുള്ള ഭാഗങ്ങളില്‍ ഒന്നര ഇഞ്ച് മെറ്റല്‍ ഉപയോഗിച്ച് കുഴി അടക്കുന്നതാണ് തിങ്കളാഴ്ച തുടങ്ങുന്നത്. ഇതേഭാഗത്ത് ഒന്നാംനിര മെക്കാഡം പ്രവൃത്തി 22ന് ആരംഭിക്കും. മരങ്ങള്‍ മുറിക്കാനുള്ളതിനാലും ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റാന്‍ ഉള്ളതിനാലും ഏതെങ്കിലും ഭാഗത്ത് ഒന്നാം നിര മെക്കാഡം പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിട്ടാല്‍ ആ ഭാഗം മാത്രം ഒഴിവാക്കി ബാക്കി ഭാഗം അടിയന്തരമായി പൂര്‍ത്തീകരിക്കും.
കള്‍വര്‍ട്ടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ വൈകിയാല്‍ ആ ഭാഗം ഒഴിവാക്കി മെക്കാഡം പ്രവൃത്തി തുടരുകയും കള്‍വര്‍ട്ടിന്റെ പണി പൂര്‍ത്തിയായ ശേഷം ആ ഭാഗം മെക്കാഡം പൂര്‍ത്തിയാക്കുകയും ചെയ്യും. തുലാവര്‍ഷം മൂലം പ്രവൃത്തിക്ക് എന്തെങ്കിലും തടസം നേരിട്ടാല്‍ അത് അനുയോജ്യമായ സമയത്ത് സമയബന്ധിതമായും അടിയന്തര സ്വഭാവത്തിലും പൂര്‍ത്തീകരിക്കും എന്നിവയാണ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍. കര്‍മ സമിതിക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ ദേവകി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി, വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ്, വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പി. മൊയ്തീന്‍ ഹാജി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ അഹമ്മദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അധികൃതരില്‍ നിന്ന് ഇത്തരം ഉറപ്പുകള്‍ രേഖാമൂലം ലഭിച്ചതിനാല്‍ താല്‍കാലികമായി കര്‍മസമിതിയുടെ നേതൃത്വത്തിലുള്ള സമരങ്ങള്‍ നിര്‍ത്തി വെക്കുകയാണെന്ന് ഇവര്‍ പിന്നീട് കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉറപ്പ് നടപ്പായില്ലെങ്കില്‍ പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കുമെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."