ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്‌കൂളിന്റെ മേല്‍കൂരയിലെ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ പൊട്ടി
പടിഞ്ഞാറങ്ങാടി: പട്ടിത്തറ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത പട്ടിത്തറ ജി.എല്‍.പി സ്‌കൂളിന്റെ മേല്‍കൂരയിലെ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഉദ്ഘാടനം നടന്നത്. 73 ലക്ഷം രൂപ ചിലവഴിച്ചാണ് പുനര്‍നിര്‍മാണം നടത്തിയത്. പ്രദേശത്തെ സ്‌കൂളുകളില്‍ നിലവാരമുള്ള സ്‌കൂളായി ജി.എല്‍.പി സ്‌കൂള്‍ അന്ന് മാറിയെങ്കിലും ഇപ്പോഴത്തെ ഈ അവസ്ഥ സ്‌കൂളിനെ പിറകോട്ട് കൊണ്ട് പോവുകയാണ് ചെയ്തത്.
തിരഞ്ഞെടുപ്പ് വരും മുമ്പേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തിയതാണ് നിലവിലെ തകര്‍ച്ചക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. ഹാബിറ്റേറ്റ് എന്ന ഏജന്‍സിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പഴയ ഓടിട്ട കെട്ടിടത്തിന്റെ അടിത്തറ മാറ്റാതെ പുതിയ സാങ്കേതിക വിദ്യ എന്ന പേരില്‍ നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ തട്ടിപ്പുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ വികസന വിരുദ്ധര്‍ എന്ന് പറഞ്ഞ് എതിര്‍ക്കുകയാണ് ചെയ്തതെന്നും ആക്ഷേപകര്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് ഉദ്ഘാടനം നടന്ന വട്ടേനാട് സ്‌കൂളിലെ സിന്തറ്റിക് കോര്‍ട്ടും, തൃത്താല മണ്ഡലത്തിലെ റബ്ബറൈസ്ഡ് റോഡും തകര്‍ന്നതും ഇതോടൊപ്പം കാണണമെന്നും ആക്ഷേപകര്‍ പറയുന്നു. തൃത്താല എം.എല്‍.എ പാവപ്പെട്ട കുട്ടികളുടെ ജീവന്‍ വെച്ച് പന്താടിയിട്ട് വേണോ എം.എല്‍.എ യുടേയും, മറ്റുള്ളവരുടേയും കീശ വീര്‍പ്പിക്കാന്‍ എന്നും ഇവര്‍ ചോദിക്കുന്നു.
എന്നാല്‍ സ്‌കൂളിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും, എം.എല്‍.എ യുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ച് കാണിക്കാനും, രാഷ്ട്രീയ പകപ്പോക്കലുകളുടെ പേരിലുമാണ് ഇത്തരം ആക്ഷേപങ്ങളെന്നും എം.എല്‍.എ യുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ അടുപ്പിച്ചടുപ്പിച്ച് വെച്ചാണ് മേല്‍കൂരയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. ഈ സ്ലാബുകളില്‍ ഒരു സ്ലാബിന്റെ ഭാഗത്ത് മാത്രമാണ് പ്രശ്‌നമുള്ളത് എന്നും ഇവര്‍ പറയുന്നു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മാണം നടന്നത്. ഏത് ഭാഗത്താണ് കേട് സംഭവിച്ചത് എങ്കില്‍ ആ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് റിപ്പയര്‍ ചെയ്യാവുന്ന രീതിയാണിത്.
ഗവണ്‍മെന്റിന്ന് കീഴിലുള്ള ഹാബിറ്റേറ്റ് ടെക്‌നോളജിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് എന്നിരിക്കെ പിന്നെങ്ങിനെ അഴിമതി നടത്തുമെന്നും ഇവര്‍ ചോദിക്കുന്നു. ആകെ 73 ലക്ഷം രൂപയാണ് വകയിരുത്തിയത്. അതില്‍ 48 ലക്ഷം രൂപയുടെ വര്‍ക്കാണ് നടന്നത്. 13 ലക്ഷം മാത്രമാണ് ഹാബിറ്റേറ്റിന് ലഭിച്ചത്. 25 ലക്ഷത്തിന്റെ വര്‍ക്ക് ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. പൂര്‍ത്തീകരിച്ച വര്‍ക്കില്‍ തന്നെ 35 ലക്ഷം ലഭിക്കാനുമുണ്ട്. മേല്‍കൂരയില്‍ ഒരു ഭാഗത്ത് രൂപപ്പെട്ട കിനിവ് പി.ടി.എ യുടെ സമ്മര്‍ദ്ധം മൂലം ശരിയാക്കാന്‍ ഹാബിറ്റേറ്റില്‍നിന്ന് ബന്ധപ്പെട്ടവര്‍ വന്ന് സ്ലാബുകള്‍ അടര്‍ത്തി വര്‍ക്ക് ചെയ്യുമ്പോഴാണ് ചില വ്യക്തികള്‍ വന്ന് ഫോട്ടോ എടുത്തതും, വര്‍ക്ക് തടസ്സപ്പെടുത്തിയതും എന്നുമാണ് എം.എല്‍.എ യുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മാത്രമല്ല ഗവണ്‍മെന്റ് സ്‌കൂളിനെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും ഇവര്‍ പറയുന്നു. വര്‍ക്ക് തടസ്സപ്പെടുത്തിയവരില്‍ അധികപേരും മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഭാരവാഹിത്വമുള്ളവരാണെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."