നെയ്യാറ്റിന്‍കര സംഭവം: പ്രതിഷേധവുമായി നാട്ടുകാര്‍; വസന്തയെ കരുതല്‍ കസ്റ്റഡിയിലാക്കി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സംഭവത്തില്‍ പരാതിക്കാരിയായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടിയെന്ന് പൊലിസ് പറഞ്ഞു.
വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വസന്തയുടെ വീടിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലിസ് ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമാണെന്ന് നേരത്തെ, മരിച്ച ദമ്പതികളുടെ മക്കള്‍ ആരോപിച്ചിരുന്നു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം പ്രതികരിച്ചിരുന്നു. വസന്തയെ കസ്റ്റഡിയിലെടുക്കാന്‍ മന്ത്രി പൊലിസിന് നിര്‍ദേശം നല്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.
മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ് മക്കളുമടങ്ങുന്ന കുടുംബം. രാജന് ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പൊലിസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാശ്രമം.
ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ദേഹത്തേക്ക് മണ്ണെണ ഒഴിച്ചു അമ്പിളിയേയും കെട്ടിപ്പിടിച്ച് നിന്ന രാജന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലിസ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ദേഹത്തേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജന് ഇന്നലെ പുലര്‍ച്ചെ മരിച്ചു. രാത്രിയോടെ ഭാര്യ അമ്പിളിയും മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."