ബേഡകത്ത് രണ്ടു സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കെതിരേ നടപടി
കുറ്റിക്കോല്‍: പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് ബേഡകം ഏരിയാ കമ്മിറ്റിക്ക് കീഴിലെ രണ്ട് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കെതിരേ നേതൃത്വം നടപടിയെടുത്തു.
മുന്നാട്, കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കെതിരേയാണ് നടപടി. മുന്നാട് ലോക്കല്‍ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗ്വത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കിയപ്പോള്‍ കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി.
കമ്മിറ്റിയംഗങ്ങള്‍ക്കെതിരേ ലോക്കല്‍ കമ്മിറ്റികള്‍ എടുത്ത നടപടി ഏരിയാ കമ്മിറ്റി ശരിവെച്ചു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരേയുള്ള നടപടിയെന്നാണ് സൂചന. പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്നാണ് നടപടി സംബന്ധിച്ച് അറിയിപ്പ് വന്നത്.
മുന്നാട്ടെ പ്രാദേശിക നേതാവിനെ സംശയകരമായ സാഹചര്യത്തില്‍ ഒരു യുവതിയോടൊപ്പം പിടികൂടിയ സംഭവം നാട്ടില്‍ പരക്കെ ചര്‍ച്ചയായിരുന്നു. മുന്നാട്ടെ ഒരു സഹകരണ സംഘത്തിന്റെയും വോളിബോള്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെയും ഭാരവാഹിയായ ഇയാള്‍ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയുമാണ്.
കുറ്റിക്കോലിലെ യുവജന സംഘടനാ ഭാരവാഹിയായ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കേണ്ടി വന്നതും നേതൃത്വത്തിന് തലവേദനയായി. കുറ്റിക്കോലിലെ ഒരു പ്രിന്റിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്ക് അയച്ച മൊബൈല്‍ സന്ദേശവുമായി ബന്ധപ്പെട്ടാണ് നടപടി. കമ്മിഷനെ വച്ച് അന്വേഷിച്ചതിന് ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്.
അതിനിടെ ബേഡകം ഏരിയാ കമ്മിറ്റിക്ക് കീഴിലെ കൊളത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരേ സ്ത്രീ വിഷയത്തില്‍ നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."