അട്ടപ്പാടി ജലസേചനപദ്ധതി: കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി
ന്യൂഡല്‍ഹി: അട്ടപ്പാടി മേഖലയിലെ ജലക്ഷാമം നേരിടാന്‍ ശിരുവാണി പുഴയില്‍ അണക്കെട്ട് നിര്‍മിക്കുന്ന പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്കായി കേരളം സമര്‍പ്പിച്ച അപേക്ഷ കേന്ദ്രം തള്ളി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അപേക്ഷ തള്ളിയത്. പദ്ധതിക്ക് തമിഴ്‌നാടിന്റെ അഭിപ്രായം തേടേണ്ടതില്ലെന്ന കേരളത്തിന്റെ വാദമാണ് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം തള്ളിയത്.
പരിസ്ഥിതി അനുമതി നല്‍കുന്നതുസംബന്ധിച്ചു കേരളം നല്‍കിയ അപേക്ഷ തമിഴ്‌നാടിന്റെ നിലപാട് അറിഞ്ഞശേഷം പരിഗണിക്കാമെന്നു മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. പദ്ധതിപ്രദേശം തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ പരിസ്ഥിതി അനുമതിക്ക് അവരുടെ അഭിപ്രായം തേടേണ്ടതുണ്ടെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഇതനുസരിച്ച് കേരളം അഭിപ്രായം തേടിയെങ്കിലും തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചില്ല.
ഇതേതുടര്‍ന്ന് പദ്ധതി നിര്‍ജീവാവസ്ഥയിലായതോടെയാണ് തമിഴ്‌നാടിന്റെ അഭിപ്രായത്തിനു കാത്തുനില്‍ക്കാതെ കേരളം വീണ്ടും മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്.
കേരളത്തിന്റെ രണ്ടാമത്തെ അപേക്ഷയിലും കേന്ദ്രം പഴയ നിലപാട് തന്നെ സ്വീകരിച്ചതോടെ പദ്ധതി പൂര്‍ത്തിയാവാന്‍ ഇനിയും കാലതാമസമെടുക്കുമെന്ന് ഉറപ്പായി.
സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശങ്ങളിലൊന്നായ കിഴക്കന്‍ അട്ടപ്പാടിയിലെ 4,374 ഹെക്ടര്‍ സ്ഥലം കൃഷിയോഗ്യമാക്കാനും ആദിവാസികള്‍ക്ക് ഉള്‍പ്പെടെ ഉപജീവനമാര്‍ഗവും കുടിവെള്ളവും ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് 1974ല്‍ ആരംഭിച്ച പദ്ധതിയാണ് അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രോജക്ട് (എ.വി.ഐ.പി). ഷോളയൂര്‍ പഞ്ചായത്തിലെ വെങ്കക്കടവില്‍ ഭവാനിപുഴയുടെ കൈവഴിയായ ശിരുവാണിയില്‍ അണക്കെട്ട് നിര്‍മിച്ച് ജലസേചനം നടത്തുന്നവിധത്തിലാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."