കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി
ചെറുവത്തൂര്‍: കെട്ടിടത്തിന്റെ പുറം ചുമര്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിമാനം, മറുഭാഗത്ത് തീവണ്ടി...സ്‌കൂള്‍ അന്തരീക്ഷം വര്‍ണാഭമാക്കി നവാഗതരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി. രണ്ടുമാസത്തെ അവധിക്ക് വിടനല്‍കി ജൂണ്‍ ഒന്നിന് അക്ഷരമുറ്റമുണരും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ അടച്ചു പൂട്ടാനുള്ള തീരുമാനവും ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകിയിട്ടുണ്ട്. മിക്ക വിദ്യാലയങ്ങളിലും കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിസ്മയച്ചുമര്‍ മുതല്‍ വൈവിധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പഠനാന്തരീക്ഷം ക്ലാസ് മുറികളില്‍ ഒരുങ്ങിക്കഴിഞ്ഞു. കുമ്പള ഉപജില്ലയിലെ പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളിലാണ് ഇത്തവണത്തെ ജില്ലാതല പ്രവേശനോത്സവം. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉപജില്ലാതലത്തിലും പഞ്ചായത്തുതലത്തിലുമുള്ള പ്രവേശനോത്സവങ്ങള്‍ ആഘോഷമാക്കാന്‍ വലിയ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
''വാകകള്‍ പൂത്തൊരു വസന്തകാലം പള്ളിക്കൂടക്കാലം'' എന്ന് തുടങ്ങുന്ന പ്രവേശനോത്സവ ഗാനത്തോടെയാകും നവാഗതരെ വിദ്യാലയങ്ങളിലേക്ക് വരവേല്‍ക്കുന്നത്. മുരുകന്‍ കാട്ടാക്കട എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയും ശ്രീറാമും ചേര്‍ന്നാണ്.
ദീര്‍ഘനേരമുള്ള പ്രസംഗം വേണ്ടെന്ന നിര്‍ദേശമുള്ളതിനാല്‍ കുട്ടികളുടെ കലാപരിപാടികളാണ് മിക്കവിദ്യാലയങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രവേശനോത്സവത്തിനു ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കും മുന്‍പ് എത്തിയെന്നത് ഇത്തവണത്തെ സവിശേഷതയാണ്. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യദിനം മുതല്‍ തന്നെ ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന നിര്‍ദേശവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."