ഹാഫിസ് സഈദിന്റെ അറസ്റ്റ് തട്ടിപ്പ്
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ സൂത്രധാരനും ജമാഅത്തുദ്ദഅ്‌വ നേതാവുമായ ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്തത് വന്‍ നേട്ടമായി പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അവതരിപ്പിക്കുമ്പോള്‍ ഇമ്രാന്റെ നീക്കങ്ങളുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത് മുന്‍ പാക് അംബാസിഡര്‍. യു.എസിനെ ബോധിപ്പിക്കാനുള്ള പ്രകടനം മാത്രമാണിതെന്ന് ബ്രിട്ടനിലെ മുന്‍ പാക് അംബാസിഡറായ വാജിദ് ശംസുല്‍ ഹസന്‍ പറഞ്ഞു. യു.എസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടണിലേക്കു പോവുന്നതിനു മുമ്പായിരുന്നു ലഷ്‌കറെ ത്വയ്യിബ സ്ഥാപകന്‍ കൂടിയായ ഹാഫിസ് സഈദിനെ പാക് ഭീകരവിരുദ്ധ പൊലിസ് അറസ്റ്റ് ചെയ്തത്.
ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിനെ ഒമ്പതാം തവണ അറസ്റ്റ് ചെയ്തതിന് ഇമ്രാന്റെ യു.എസ് യാത്രയില്‍ വലിയ പ്രാധാന്യമുണ്ടെന്ന് വാര്‍ത്താ വെബ്‌സൈറ്റായ സുര്‍ഖിയാനിലെഴുതിയ ലേഖനത്തില്‍ വാജിദ് പറഞ്ഞു. ഖാന്റെ യു.എസ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഹാഫിസിനെ അറസ്റ്റ് ചെയ്തത് വലിയ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആഗോള ഭീകരനായി യു.എന്നും യു.എസും വിശേഷിപ്പിക്കുന്ന ഹാഫിസിനെ പിടികൂടിയത് ട്രംപിന്റെ കണ്ണീരു തുടയ്ക്കാനാണെന്ന് അദ്ദേഹം പരിഹസിച്ചു.
ഹാഫിസിനെ അറസ്റ്റ് ചെയ്യാന്‍ പാക് നിയമനിര്‍വഹണ വിഭാഗത്തെ യു.എസ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഹാഫിസുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാജിദ് പറഞ്ഞു. അറസ്റ്റിലായ ശേഷം തന്നെ കണ്ട അനുയായികളോട് ഇതില്‍ പേടിക്കാനില്ലെന്നും അമേരിക്കക്കാരെ പറ്റിക്കാനുള്ള പാക് അധികാരികളുടെ താല്‍ക്കാലിക നടപടി മാത്രമാണിതെന്നും പറഞ്ഞതായും മുന്‍ പാക് സ്ഥാനപതി കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഭീകരവാദികളുടെ വക്കീലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇമ്രാന്‍ താടിയില്ലാത്ത താലിബാന്‍ഖാനാണെന്ന് പാകിസ്താന്‍ പീപിള്‍സ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ നഫീസ ഷാ പറഞ്ഞു. ആത്മവിശ്വാസത്തോടെ നുണ പറയുന്നതിന് ഇമ്രാന് ഗീബല്‍സ് അവാര്‍ഡ് നല്‍കണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."