കലാകാരന്മാരുടെ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് കാഫ്
കൊച്ചി: കലാകാരന്മാരുടെ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്നു കലാകാരന്മാരുടെ പുതിയ സംഘടനയായ കേരളാ ആര്‍ട്ടിസ്റ്റ്സ് ഫ്രട്ടേണിറ്റി (കാഫ്). സ്റ്റേജ് കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരുടേയും ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രവര്‍ത്തകരുടേയും സംഗീതോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നവരുടേയുമാണ് കൂട്ടായ്മ.
ഡാറ്റാ ബാങ്ക് വഴി ഏതു വിഭാഗത്തിലെയും കലാകാരന്മാരെ പരിപാടികള്‍ക്കു ക്ഷണിക്കുന്നതിന് ഉപകരിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിട്ട വിഭാഗമാണ് സ്റ്റേജ് കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരും അവരുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരും. അതിനാല്‍ കലാപരിപാടികള്‍ നടത്തുന്നതിനുള്ള അനുമതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊവിഡ് കാലയളവില്‍ ദുരിതമനുവഭിക്കുന്ന വിവിധ കലാകാരന്മാരെ സാമ്പത്തികമായും മറ്റും സഹായിക്കുന്നതിനും ചികിത്സാ സഹായം നല്‍കുന്നതിനും അന്തരിച്ച കലാകാരന്മാരുടെ ആശ്രിതര്‍ക്കു ധനസഹായം നല്‍കുന്നതിനും സംഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ഓണ്‍ലൈന്‍ വഴി നടത്തിയ പരിപാടികള്‍ വഴി ലഭിച്ച വരുമാനം ഉപയോഗിച്ചാണ് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.
അംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള തയാറെടുപ്പിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കാഫ് ഭാരവാഹികളായ സ്റ്റീഫന്‍ ദേവസ്സി, കരുണാമൂര്‍ത്തി, പ്രകാശ് ഉള്ള്യേരി, ജോസി ആലപ്പുഴ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."