ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം എവറസ്റ്റില്‍നിന്ന് കണ്ടെടുത്തു
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പര്‍വതനിരയായ എവറസ്റ്റില്‍ മരിച്ച ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെടുത്തു. കഴിഞ്ഞയാഴ്ച കാണാതായ ഇന്ത്യന്‍ സ്വദേശി രവി കുമാറിന്റെ മൃതദേഹമാണ് പര്‍വതാരോഹണത്തിനെത്തിയ മറ്റൊരു സംഘം പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. മൃതശരീരം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിച്ചിട്ടുണ്ട്.
എവറസ്റ്റ് കൊടുമുടി കയറാന്‍ പുറപ്പെട്ട രവി കുമാറിനെ കഴിഞ്ഞയാഴ്ചയാണ് കാണാതായത്. പര്‍വതാരോഹണം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും തിരിച്ചുവരവേ ഗൈഡുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പര്‍വതത്തിന് മുകളില്‍നിന്ന് 200 മീറ്ററോളം താഴ്ചയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. ഗൈഡിനെ പിന്നീട് 8,000 മീറ്റര്‍ താഴ്ചയിലുള്ള ക്യാംപില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തി.
എട്ടോളം പേരടങ്ങുന്ന രക്ഷാപ്രവര്‍ത്തക സംഘം ഏറെ പണിപ്പെട്ടാണ് രവി കുമാറിന്റെ മൃതദേഹം താഴെയെത്തിച്ചത്. രവിയുടെ സഹോദരന്‍ മനോജ് കുമാര്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തി മൃതദേഹം സ്വീകരിച്ചു. കഴിഞ്ഞ ദിവസം എവറസ്റ്റില്‍ മരിച്ച മറ്റു രണ്ടുപേരുടെ മൃതദേഹവും കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."