മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശിച്ചത് ഗവ. പ്ലീഡര്‍
കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് ജില്ലാ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശം നല്‍കിയതിലും ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പൊലിസ് കസ്റ്റഡിയിലെടുത്ത സംഭവത്തിലും സര്‍ക്കാര്‍ അഭിഭാഷകനും പങ്ക്. പൊലിസ് നടപടി സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നു.
ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ പൊലിസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തായത്. ഇതോടെ സംഭവത്തിനു പിന്നിലെ ദുരൂഹത വര്‍ധിച്ചിരിക്കയാണ്. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാറിനെ സംഭവം നടന്ന ദിവസം തന്നെ അറിയിച്ചിരുന്നു.
എന്നാല്‍ അതിനു ശേഷം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ഗവ. പ്ലീഡര്‍ കെ.ആലിക്കോയ ഒപ്പിട്ട സത്യവാങ്മൂലം നല്‍കി. രൂപേഷിനെ ഹാജരാക്കുമ്പോള്‍ കോടതിയില്‍ പ്രശ്‌നമുണ്ടാകുമോ എന്ന് ജഡ്ജി തന്നോട് ചോദിച്ചുവെന്നും താന്‍ ഇത് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് അന്വേഷിച്ചുവെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ കോടതിവളപ്പില്‍ കയറിയാല്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
ഈ വിവരം ജഡ്ജിയെ അറിയിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകാരണവശാലും കോടതിയില്‍ കയറ്റരുതെന്ന് നിര്‍ദേശിച്ചു. ഇക്കാര്യം ടൗണ്‍ എസ്.ഐ യെ അറിയിക്കാനാവശ്യപ്പെട്ടതനുസരിച്ച് താനാണ് എസ്.ഐയെ വിളിച്ചു വരുത്തിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതിവളപ്പിലെയും തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെയും പൊലിസ് അതിക്രമത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ടൗണ്‍ എസ്.ഐ പി.എം വിമോദിനെ അനുകൂലിച്ച് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.
അതേസമയം എസ്.ഐയുടെ നടപടി തെറ്റാണെന്ന് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എം കാദിരി പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്തതാണ് എസ്.ഐ സ്റ്റേഷനില്‍ കാണിച്ചത്. അത് തങ്ങളുടെ പരിധിയില്‍ വരുന്നതല്ല.
കോടതിയില്‍ സംഘര്‍ഷം ഒഴിവാക്കിയതിനാണ് പൊലിസിനെ അനുകൂലിച്ചും അഭിനന്ദിച്ചും പ്രമേയം കൊണ്ടുവന്നത്. കോടതിക്കുപുറത്ത് സ്റ്റേഷനില്‍ നടന്ന കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്നു മാറ്റുന്നകാര്യത്തില്‍ തന്നോട് ചോദിച്ചപ്പോള്‍ ജില്ലാ ജഡ്ജാണ് അത് തീരുമാനിക്കേണ്ടതെന്ന മറുപടിയാണ് നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കോടതി വളപ്പിലുണ്ടായ സംഭവത്തില്‍ പൊലിസിന് വീഴ്ചയുണ്ടായതായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരമേഖലാ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഇന്റലിജന്‍സ് എ.ഡി.ജി.പി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."