മഴ കുറഞ്ഞതിനാല്‍ വൈദ്യുതി ഉല്‍പാദനം കുറയും: മന്ത്രി എം.എം മണി
തലക്കുളത്തൂര്‍ തൂണുമണ്ണില്‍ സൗരോര്‍ജ നിലയം നാടിന് സമര്‍പ്പിച്ചു
തലക്കുളത്തൂര്‍: സംസ്ഥാനത്ത് 30 ശതമാനം വൈദ്യുതിയാണ് നിലവില്‍ ഉല്‍പാദിപ്പിക്കുന്നതെന്നും എന്നാല്‍ ഇത്തവണ മഴ കുറഞ്ഞതിനാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവു വരുമെന്നും വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. എങ്കിലും പവര്‍കട്ടില്ലാതെ വൈദ്യുതി ലഭ്യമാകാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് തലക്കുളത്തൂര്‍ തൂണുമണ്ണില്‍ സ്ഥാപിച്ച 650 കിലോവാട്ട് സൗരോര്‍ജ നിലയം നാടിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെലവു കുറഞ്ഞതും ലാഭകരവും എന്ന പരിഗണനയില്‍ മുടങ്ങിക്കിടക്കുന്ന പള്ളിവാസല്‍, കുട്ടിക്കാനം, ചാത്തന്‍കോട്ട് നട, മാങ്കുളം തുടങ്ങിയ പദ്ധതികള്‍ പുനരാരംഭിക്കും. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും പാലക്കാട് ജില്ലയിലും സഹ്യപര്‍വത നിരകളിലും കാറ്റാടി വൈദ്യുതി ഉല്‍പാദനത്തിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം ശരാശരി 9.96 ലക്ഷം യൂനിറ്റ് സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പുതിയ പദ്ധതി.
ഇതിനായി 300 വാട്ട് ശേഷിയുള്ള 2360 സോളാര്‍ പാനലുകളും ഇതില്‍ ഉല്‍പാദിപ്പിക്കപ്പടുന്ന ഡി.സി വൈദ്യുതിയെ എ.സിയാക്കുന്നതിനായി 680 കിലോവാട്ട് ശേഷിയുള്ള ഇന്‍വെര്‍ട്ടറും 700 കിലോവാട്ട് ആമ്പിയര്‍ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതുവഴി പകല്‍സമയം ഗുണനിലവാരമുള്ള വൈദ്യുതി ലഭിക്കാന്‍ സഹായകമാകും.
ചടങ്ങില്‍ എ.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ മുക്കം മുഹമ്മദ്, ബ്ലോക്ക് മെംബര്‍ സീനാ സുരേഷ്, പഞ്ചായത്ത് മെംബര്‍ പി. ജയന്തി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രകാശന്‍, കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ (ജനറേഷന്‍) വി. ബ്രിജ് ലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."