കര്‍ണാടക: യദ്യൂരപ്പയുടെ ഭാവിയും ശോഭനമല്ല
ബംഗളൂരു: ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയായി അധികാരത്തിലേറിയെങ്കിലും എത്ര ദിവസമായിരിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ആയുസ് എന്നതാണ് ഉയരുന്ന ചോദ്യം.
എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ കഴിഞ്ഞ 23ന് നിലംപതിച്ചതിനെ തുടര്‍ന്നാണ് യദ്യൂരപ്പ മുഖ്യമന്ത്രിയായി ഇന്നലെ അധികാരമേറ്റത്. ഇത് നാലാം തവണയാണ് അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. 15ാമത് കര്‍ണാടക നിയമനിര്‍മാണ സഭയില്‍ രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്.
കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 105 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബി.ജെ.പിയായിരുന്നു. അതേ തുടര്‍ന്ന് അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും 56 മണിക്കൂര്‍ മാത്രമായിരുന്നു സര്‍ക്കാരിന് ആയുസുണ്ടായിരുന്നത്.
ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നിലംപതിച്ചത്. 119 അംഗങ്ങളുടെ പിന്തുണയുമായി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. എന്നാല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന് 14 മാസം മാത്രമായിരുന്നു ആയുസ്. 16 വിമതര്‍ സര്‍ക്കാരിനെതിരായി നിലപാടെടുത്തതോടെയാണ് സര്‍ക്കാരിന് അധികാരം വിട്ടൊഴിയേണ്ടി വന്നത്.
ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത കുമാരസ്വാമി സര്‍ക്കാരിന്റെ ഗതി തന്നെയായിരിക്കും യദ്യൂരപ്പ സര്‍ക്കാരിനും നേരിടേണ്ടി വരികയെന്നാണ് സൂചന.
അതേസമയം, യദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി സ്പീക്കര്‍ രമേശ് കുമാറിന്റെ നിലപാടിനെ ആശ്രയിച്ചാണിരിക്കുന്നത്. മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിയെങ്കിലും മുന്‍സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച 13 എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും യദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി.
അതേസമയം സ്പീക്കര്‍ വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍ ബി.ജെ.പിയുടെ 105 അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ യദ്യൂരപ്പക്ക് തന്റെ സര്‍ക്കാരിനെ നിലനിര്‍ത്താനാകുമെന്നാണ് ബി.ജെ.പി പറയുന്നത്.
എന്നാല്‍ 116 അംഗങ്ങളുടെ മാത്രം പിന്തുണയോടെ എത്രദിവസം യദ്യൂരപ്പക്ക് തന്റെ സര്‍ക്കാരിനെ മുന്‍പോട്ട് കൊണ്ടുപോകാനാകും. നിലവില്‍ 224 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 105 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 79ഉം ജെ.ഡി.എസിന് 37ഉം ബി.എസ്.പിക്ക് ഒന്നും രണ്ട് സ്വതന്ത്രരുമാണ് ഉള്ളത്. വിമതര്‍ പിന്തുണ പിന്‍വലിച്ചതോടെ കോണ്‍ഗ്രസിന് നിലവില്‍ 65ഉം ജെ.ഡി.എസിന് 34ഉം അഗങ്ങളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."