93 കൊലപാതകങ്ങള്‍ നടത്തിയ അമേരിക്കന്‍ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ മരിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ മരണപ്പെട്ടു. 80 വയസായിരുന്നു. പത്തൊന്‍പത് സംസ്ഥാനങ്ങളിലായി ഇത്രയേറെ കൊലപാതകങ്ങള്‍ നടത്തിയവിവരം ഇയാള്‍ അവസാന കാലത്താണ് പുറത്തു പറഞ്ഞത്.
മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജീവപര്യന്തം അനുഭവിക്കുകയായിരുന്നു നിലവില്‍ സാമുവല്‍. അവിടെ വെച്ചാണ് 1970 നും 2005നും ഇടയില്‍ 93 പേരെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ കുറ്റസമ്മതം നടത്തിയത്. സാമുവല്‍ നടത്തിയ കൊലപാതക കേസുകളില്‍ അമേരിക്കന്‍ പൊലിസ് അന്വേഷണം തുടരുന്നതിനിടെയാണ് സാമുവലിന്റെ അന്ത്യം.
ലൈംഗിക തൊഴിലാളികളും മയക്കുമരുന്നിന് അടിപ്പെട്ടവരും കറുത്ത വര്‍ഗക്കാരായ സ്ത്രീകളുമാണ് സാമുവല്‍ കൊലപ്പെടുത്തിയവരില്‍ ഭൂരിഭാഗവും.
സാമുവല്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ കൊലപാതകങ്ങളില്‍ പലതും ഒരിക്കലും തെളിയിക്കപ്പെടില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്.
സാമുവല്‍ കൊലപ്പെടുത്തിയെന്ന് പറയുന്നവരില്‍ പലരെയും പൊലിസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സാമുവലിന്റെ മരണത്തോടെ ഇയാള്‍ കൊലപ്പെടുത്തിയ ആളുകളുടെ ബന്ധുക്കളിലേക്ക് എത്തിച്ചേരുക എന്ന ദൗത്യം പൊലിസിന് വിഷമമേറിയതാകും.
2014ല്‍ ഡി.എന്‍.എ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളില്‍ ഇയാളെ ശിക്ഷിച്ചിരുന്നു. എന്നാല്‍ അപ്പോഴൊക്കെയും നിരപരാധിയാണെന്നാണ് സാമുവല്‍ പറഞ്ഞിരുന്നത്. അവസാനകാലത്താണ് സാമുവല്‍ കൂടുതല്‍ കേസുകളില്‍ കുറ്റസമ്മതം നടത്തിയിരുന്നത്.
ഇതിന് പിന്നാലെ തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നിര്‍ത്തിവെച്ച കേസുകളില്‍ പൊലീസ് പുനരന്വേഷണം ആരംഭിക്കുകയായിരുന്നു.
60ല്‍ അധികം കൊലപാതകങ്ങള്‍ സാമുവലുമായി നേരിട്ട് ബന്ധമുള്ളതാണെന്ന് എഫ്.ബി.ഐ വ്യക്തമാക്കിയിരുന്നു. കൊലപാതകങ്ങള്‍ നടത്തിയെന്ന് പറയുമ്പോഴും കൊലപ്പെടുത്തിയവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ പറഞ്ഞിട്ടില്ല.
അതേസമയം അവര്‍ ധരിച്ചിരുന്ന വസ്ത്രം, സംഭവം നടന്ന സ്ഥലം, തുടങ്ങിയവയെക്കുറിച്ച് കൃത്യമായ ചിത്രം ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."