അയര്‍ലന്‍ഡിന്റെ മോഹം ഇംഗ്ലണ്ട് എറിഞ്ഞൊതുക്കി
ഇംഗ്ലണ്ടിന് 143 റണ്‍സ് ജയം
ക്രിസ് വോക്‌സ് ആറും സ്റ്റുവര്‍ട്ട് ബ്രോഡ് നാലും വിക്കറ്റ് സ്വന്തമാക്കി
അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍ക്ക് 11 റണ്‍സ്
ലോഡ്‌സ്: ചരിത്രം രചിക്കാന്‍ കളത്തിലിറങ്ങിയ അയര്‍ലന്‍ഡിനെ എറിഞ്ഞുടച്ച് ഇംഗ്ലണ്ട്. ആഷസ് പരമ്പരക്ക് മുന്നോടിയായി ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 143 റണ്‍സിന്റെ ജയം. കളിയുടെ ആദ്യ ദിവസം ഇംഗ്ലണ്ടിനെ 85 റണ്‍സിലൊതുക്കി അയര്‍ലന്‍ഡ് നാണം കെടുത്തിയിരുന്നു. ഐറിഷ് ബൗളര്‍ ടിം മുര്‍താഗിന്റെ ബൗളിങ്ങിന്റെ കരുത്തിലായിരുന്നു ഒന്നാം ഇന്നിങ്‌സില്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. ഒന്നാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 207 റണ്‍സെടുത്ത് ലീഡും സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ട് മികച്ചുനിന്നെങ്കിലും പിന്നീട് തകരുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 303 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 182 റണ്‍സ് എടുക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചരിത്രത്തില്‍ ഇടം നേടാമായിരുന്നു. എന്നാല്‍ 38 റണ്‍സിന് അയര്‍ലന്‍ഡിനെ തരിപ്പണമാക്കിയാണ് ഇംഗ്ലണ്ട് ആഷസിന് മുമ്പുള്ള ടെസ്റ്റ് അവിസ്മരണീയമാക്കിയത്. ഇതോടെ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ നേരിട്ട തിരിച്ചടിക്ക് പകരമായി. ആറ് വിക്കറ്റ് സ്വന്തമാക്കിയ ക്രിസ് വോക്‌സായിരുന്നു അയര്‍ലന്‍ഡിന്റെ പണി കഴിച്ചത്. 7.4 ഓവര്‍ എറിഞ്ഞ വോക്‌സ് രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ആറ് വിക്കറ്റ് സ്വന്തമാക്കിയത്. സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റും സ്വന്തമാക്കി. 8 ഓവര്‍ എറിഞ്ഞ ബ്രോഡ് മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെ 19 റണ്‍സ് നല്‍കിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. 17 പന്തില്‍ 11 റണ്‍സെടുത്ത ജയിംസ് മക്കുല്ലമാണ് അയര്‍ലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. 19 പന്ത് നേരിട്ട ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ ഫീല്‍ഡിന് രണ്ട് റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. പത്ത് താരങ്ങള്‍ രണ്ടക്കം കാണാതെയാണ് പുറത്തായത്. ആന്‍ഡ്യൂ ബാല്‍ബര്‍നെ 5, പോള്‍ സ്റ്റിര്‍ലിങ് 0, കെവിന്‍ ഒബ്രിന്‍ 4, ഗാരി വില്‍സണ്‍ 0, സ്റ്റുവര്‍ട്ട് തോംപ്‌സണ്‍ 4, മാര്‍ക്ക് അഡയര്‍ 8, ആന്‍ഡി മക്ബ്രിന്‍ 0, ടിം മുര്‍താഗ് 2, ബോയ്ദ് റാങ്കിന്‍ 0 എന്നിങ്ങനെയാണ് അയര്‍ലന്‍ഡിന്റെ സ്‌കോര്‍. ജയം ആഷസിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് കരുത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."