മാത്യു ടി. തോമസിന്റെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫംഗം എയര്‍ ടിക്കറ്റിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി
സ്വന്തം ലേഖകന്‍
തിരുവല്ല: മുന്‍ മന്ത്രിയും തിരുവല്ല എം.എല്‍.എയുമായ മാത്യു ടി. തോമസിന്റെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫംഗമായ ട്രാവല്‍ ഏജന്‍സി ഉടമ ഇസ്‌റാഈലിലേക്കുള്ള എയര്‍ ടിക്കറ്റിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. എം.എല്‍.എയുടെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫംഗം പായിപ്പാട് പള്ളിക്കച്ചിറ തോട്ടായി കടവില്‍ വീട്ടില്‍ ജിനു ജോയി, ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരി സീന സാജന്‍ എന്നിവര്‍ ചേര്‍ന്ന് പണം തട്ടിയെന്നാണ് പരാതി.
തിരുവല്ല ചിലങ്ക ജങ്ഷന് സമീപം മല്ലപ്പള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്ന നാഥന്‍ ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ തട്ടിപ്പ് നടത്തിയെന്ന് മല്ലപ്പള്ളി മൂശാരിക്കവല മ്ലാവില പുതുവേലില്‍ അജിതയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ 12നാണ് തിരുവല്ല പൊലിസില്‍ പരാതി നല്‍കിയതെങ്കിലും തുടര്‍ നടപടികളിലേക്കു നീങ്ങാന്‍ പൊലിസ് മടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഇതിനു പിന്നില്‍ ജിനുവിന് മാത്യു ടി. തോമസുമായുള്ള ബന്ധമാണെന്നും പറയപ്പെടുന്നു.
ഇസ്‌റാഈലിലും സ്വദേശത്തുമായുള്ള 68 പേരില്‍ നിന്നായി 28 ലക്ഷത്തോളം രൂപ ജിനുവും സീനയും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് അജിത നല്‍കിയിരിക്കുന്ന പരാതി. ഇസ്‌റാഈലില്‍ ജോലി ചെയ്യുന്ന അജിതയുടെ സഹോദരി അമ്പിളി മുഖേന എടുക്കാന്‍ ഏല്‍പിച്ചിരുന്ന ടിക്കറ്റുകളുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറിയതത്രെ. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെയായിരുന്നു തട്ടിപ്പ്. ഒന്നിലധികം പേര്‍ക്കുവേണ്ടിയുള്ള ടിക്കറ്റ് തുക ട്രാവല്‍ ഏജന്‍സി ഉടമയായ ജിനുവിന്റെ അക്കൗണ്ടിലേക്ക് സഹോദരി ഇസ്‌റാഈലില്‍ നിന്നും നിക്ഷേപിക്കാറുണ്ടായിരുന്നു. എന്നാല്‍ അവരില്‍ പലര്‍ക്കും വ്യാജ ടിക്കറ്റ് നല്‍കി സഹോദരിയെ ജിനുവും ജീവനക്കാരിയും ചേര്‍ന്ന് ചതിക്കുകയായിരുന്നു എന്നും അജിതയുടെ പരാതിയില്‍ പറയുന്നു. 68 പേരുടെ പണം തട്ടിയെന്ന പരാതിയായതിനാല്‍ അവരുടെയെല്ലാം മൊഴിയെടുക്കണമെന്നും അതിന് കാലതാമസമുണ്ടാകുമെന്നുമാണ് പൊലിസ് ഭാഷ്യം.
അതിനിടെ പരാതിക്കാരിയായ അജിതയുടെ സഹോദരി അമ്പിളിക്ക് ഈ കേസില്‍ പങ്കുള്ളതായാണ് സംശയിക്കുന്നതെന്നും തുടര്‍ നടപടികളിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാവൂകയുള്ളൂ എന്നും തിരുവല്ല സി.ഐ വ്യക്തമാക്കി. അതേസമയം, എം.എല്‍.എയുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മാത്യു ടി. തോമസിന്റെ ഓഫിസ് പ്രതികരിച്ചു. മുന്‍ വി.എസ് സര്‍ക്കാരില്‍ ഗതാഗതമന്ത്രി ആയിരുന്ന കാലത്താണ് ജിനു മാത്യു ടി. തോമസിന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."