യുവതിയുടെ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതിയെ റിമാന്‍ഡ് ചെയ്തു
നേമം: വെടിവച്ചാന്‍കോവിലില്‍ ശാസ്താംകോണം റോഡില്‍ ചാനല്‍കരയില്‍ വാടകവീട്ടില്‍ അഴുകിത്തുടങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങി. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയ പൊലിസ് ആന്ധ്രാപ്രദേശില്‍ നിന്നും പ്രതിയെ കഴിഞ്ഞദിവസം പിടികൂടി.
കണിയാപുരം മുസ്‌ലിം ഹൈസ്‌കൂളിന് സമീപം മലമേല്‍പ്പറമ്പ് മുക്കാട പുത്തന്‍വീട്ടില്‍ സുനില്‍ റോയിയുടെ മകന്‍ ഷംനാദ് എന്നും കണ്ണന്‍ എന്നും വിളിയ്ക്കുന്ന സുജിത് (32) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെയാണ് വാടക വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ അഴുകി തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പ് മാത്രം അവിടെ താമസമാക്കിയ കുടുംബത്തെക്കുറിച്ച് പരിസരവാസികള്‍ക്ക് കൂടുതല്‍ വിവരങ്ങളൊന്നും അറിവുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ മരണപ്പെട്ടത് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ ശുചീകരണത്തൊഴിലാളിയായ സുജാതയാണന്നും (41) നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും നിലവില്‍ ഭര്‍ത്താവെന്ന പേരില്‍ കൂടെ താമസിച്ചിരുന്നത് സുജിത് ആണെന്നും പൊലിസ് മനസിലാക്കി.നരുവാമൂട് കൂരച്ചല്‍വിള സ്മിത ഭവനിലെ ബിനുകുമാറുമായി വിവാഹം കഴിഞ്ഞ് രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞ് കുട്ടികളെ അനാഥാലായത്തില്‍ ആക്കിയ ശേഷം ഒറ്റയ്ക്ക് ജീവിച്ചു വരികയായിരുന്നു സുജാത. അതിനിടെയാണ് സുജിത്തിനെ പരിചയപ്പെട്ടതും സുജിത്തിനൊപ്പം താമസം ആരംഭിക്കുന്നതും. തിരുവനന്തപുരം ജില്ലയിലെ പല സ്ഥലങ്ങളിലും മാറി മാറി താമസിച്ചെങ്കിലും അധികകാലവും ആന്ധ്രാപ്രദേശി ലെ സുജിത്തിന്റെ ജോലി സ്ഥലങ്ങളിലായിരുന്നു താമസം.
രാത്രിയില്‍ ക്ലീനിങ് ജോലിയ്ക്കായി പോകുന്ന സുജാതയ്ക്ക് അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ സുജാതയെ സുജിത് സ്ഥിരമായി മര്‍ദിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി വഴക്കിനിടെ മര്‍ദനമേറ്റ് നിലത്തു വീണ സുജാതയുടെ നെഞ്ചില്‍ സുജിത് ആഞ്ഞ് ചവിട്ടുകയായിരുന്നു. തൊഴിയേറ്റ് വാരിയെല്ല് പൊട്ടിയാണ് മരണം സംഭവിച്ചത്. രാത്രി മൃതദേഹത്തോടൊപ്പം കഴിഞ്ഞ ശേഷം പുലര്‍ച്ചയോടെ കണിയാപുരത്തെത്തിയ സുജിത്ത് അന്നേ ദിവസം അവിടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും മംഗലപുരം പൊലിസ് സുജിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തിങ്കളാഴ്ച സുജിത്തിന്റെ മാതാവ് നിര്‍മല സുജിത്തിനെ ജാമ്യമെടുത്ത് പുറത്തിറക്കിയെങ്കിലും രാത്രിയോടെ സുജിത്ത് വീണ്ടും വെടിവച്ചാന്‍കോവിലിലെ വാടക വീട്ടിലെത്തി തന്റെ ബാഗും വസ്ത്രങ്ങളുമെടുത്ത് ആന്ധ്രായിലേയ്ക്ക് പോവുകയായിരുന്നു.
അന്വേഷണത്തില്‍ പ്രതി മുന്‍പ് ആന്ധ്രാപ്രദേശില്‍ ജോലി ചെയ്തിരുന്നു എന്ന് മനസിലാക്കിയ പൊലിസ് തിരുവനന്തപുരം റൂറല്‍ എസ്.പി അശോക്കുമാറിന്റെ നിര്‍ദേശ പ്രകാരം നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാര്‍, ബാലരാമപുരം സി.ഐ പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ ടീം ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സംഘം ആന്ധ്രാപ്രദേശിലെത്തി രണ്ട് സംഘങ്ങളായി പിരിഞ്ഞ് ചിറ്റൂര്‍ ജില്ലയിലെ ഗര്‍ണിമിട്ട, പിലേരു എന്നീ സ്ഥലങ്ങളില്‍ സുജിത്ത് മുന്‍പ് തൊഴില്‍ ചെയ്തിരുന്ന സ്ഥലങ്ങളില്‍ അന്വേഷണം നടത്തുകയും ചെയ്തു.
ഗര്‍ണിമിട്ടയിലെ സിമന്റ് ഫാക്ടറിയില്‍ തൊഴില്‍ തേടി സുജിത് എത്തിയതായും അവിടെ നിന്നും തലമുണ്ഡനം ചെയ്യുന്നതിനു വേണ്ടി നേര്‍ച്ചയുണ്ടെന്ന് പറഞ്ഞ് തിരുപ്പതിയിലേയ്ക്ക് പോവുകയും ചെയ്തതായി മനസിലാക്കിയ പൊലിസ് സംഘം തിരുപ്പതിയില്‍ എത്തി നടത്തിയ അന്വേഷണത്തിനൊടുവില്‍ തലമുണ്ഡനം ചെയ്ത് വേഷ പ്രച്ഛന്നനാകാന്‍ ഒരുങ്ങി നിന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പുരുഷന്മാരുമായി സുജാതയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന സംശമാണ് കൊലയ്ക്ക് കാരണമായതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സി.ഐ എസ്.എം പ്രദീപ്കുമാര്‍, നരുവാമൂട് എസ്.ഐ പ്രസാദ് എം.കെ, ഗ്രേഡ് എസ്.ഐമാരായ പുഷ്പരാജന്‍, പദ്മചന്ദ്രന്‍, ജോയി, ഷാഡോ ടീം അംഗങ്ങളായ പോള്‍വിന്‍, പ്രവീണ്‍ആനന്ദ്, അജിത്, സുനിലാല്‍, സി.പി.ഒമാരായ ബിനു, വിനയജിത്ത് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."