വോള്‍വോ ബസില്‍ കടത്തുകയായിരുന്ന പത്തരക്കിലോ കഞ്ചാവ് പിടികൂടി അമരവിള ചെക്‌പോസ്റ്റില്‍
നെയ്യാറ്റിന്‍കര: അമരവിള എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന സ്വകാര്യ ദീര്‍ഘദൂര വോള്‍വോ ബസില്‍ നിന്ന് (ഓറഞ്ച് ട്രാവല്‍സ്) പത്തരകിലോ കഞ്ചാവ് പിടികൂടി. ബസിന്റെ അടിഭാഗത്തുളള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുളള ഗോഡൗണില്‍ പാഴ്‌സലുകളാക്കിയാണ് കഞ്ചാവ് ശേഖരിച്ചിരുന്നത്. പാഴ്‌സലിന്റെ ഉടമയെ കണ്ടെത്താനായി ബസിലുണ്ടായിരുന്ന യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്. കൂടാതെ വാഹനത്തിന്റെ ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.
ഇന്നലെ രാവിലെ എട്ട് മണിയോടുകൂടിയായിരുന്നു സംഭവം. ചെക്‌പോസ്റ്റിലുള്ള സെയില്‍സ് ടാക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചാമത്തെ തവണയാണ് അമരവിളയില്‍ കഞ്ചാവ് പിടികൂടുന്നത്. സ്‌കൂള്‍-കോളജുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നതായി സമീപവാസികള്‍ പറയുന്നു. ട്രെയിന്‍ മാര്‍ഗവും വന്‍ തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. പത്ത് തവണ കഞ്ചാവ് കടത്തുമ്പോള്‍ ഒരു തവണമാത്രമാണ് അധികൃതര്‍ക്ക് പിടികൂടാന്‍ കഴിയുന്നുളളുയെന്നും ജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."