നിലമ്പൂരിലെ കേബിള്‍ അഴിമതി: കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവ്
നിലമ്പൂര്‍: വിവാദമായ നഗരസഭ കേബിള്‍ തര്‍ക്കത്തില്‍ ഒടുവില്‍ നഗരസഭാ അധികൃതര്‍ക്ക് വിജയം. നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ സ്വകാര്യ ടെലിഫോണ്‍ കേബിള്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരുന്നത്.
എന്നാല്‍ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കാണിച്ച് മലപ്പുറം പൊലിസ് ആന്റ് വിജിലന്‍സ് വിഭാഗം വീണ്ടും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
സി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റി അംഗവും മുന്‍ നഗരസഭ കൗണ്‍സിലറുമായ മുജീബ് റഹ്മാന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ജൂലൈ 18ന് ഉത്തരവിട്ടിരുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, മുന്‍ നഗരസഭ സെക്രട്ടറി എസ്.ജയകുമാര്‍, മുനിസിപ്പല്‍ എന്‍ജിനിയര്‍ പി.സതീഷ് കുമാര്‍, റിലയന്‍സ് ഉദ്യോഗസ്ഥന്‍ ഷിജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി എ.രാമചന്ദ്രന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2015 ഒക്ടോബര്‍ 13 നാണ് റിലയന്‍സ് കമ്പനി നഗരസഭയില്‍ 13 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.
2017 മാര്‍ച്ച് 31 ന് നഗരസഭയുമായി കരാര്‍ വെച്ചു. തറവാടക പൂര്‍ണമായും ഒഴിവാക്കി കിടങ്ങ് നികത്തുന്നതിനുള്ള തുകയായ 68,47,500 രൂപ മാത്രമാണ് വാങ്ങിയത്. എന്നാല്‍ തറവാടക കൂടി ഈടാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തി തടഞ്ഞതോടെയാണ് വിവാദമായത്. തറവാടക ഇനത്തില്‍ ലഭിക്കേണ്ട 2,92,50,000 രൂപയാണ് നഗരസഭക്ക് നഷ്ടമായത്. ഇത് ചൂണ്ടികാട്ടിയാണ് മുജീബ് റഹ്മാന്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."