മലയോര മേഖലയില്‍ മൂന്നക്ക ലോട്ടറി ചൂതാട്ടം സജീവം
കാളികാവ്: മലയോര മേഖലയില്‍ മൂന്നക്ക ലോട്ടറി ചൂതാട്ടം സജീവം. ലോട്ടറിയുടെ മറവില്‍ മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയതിന് ഒരാളെ കാളികാവ് പൊലിസ് പിടികൂടി. മേലേ കാളികാവിലെ കുന്നുമ്മല്‍ നൂറുസ്സമാന്‍(32) ആണ് പിടിയിലായത്. ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ഇതേ കടയില്‍ നിന്ന് ഇയാള്‍ പിടിയിലാക്കുന്നത്.
ജങ്ഷന്‍ ബസ് സ്റ്റാന്റിനകത്തെ ലോട്ടറി കടയില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ചൂതാട്ടവുമായി ബന്ധപ്പെട്ട് ഇതേ കടയില്‍ നിന്ന് നാലാം തവണയാണ് ആളുകളെ പിടികൂടുന്നത്. കഴിഞ്ഞ മാസം റിട്ടയേര്‍ഡ് എസ്.ഐ ഉള്‍പടെ രണ്ടു പേരെ പൊലിസ് പിടികൂടി കട പൂട്ടിയിരുന്നു.
സംസ്ഥാന ലോട്ടറി ഫലം പ്രവചിച്ചാണ് ചൂതാട്ടം നടത്തുന്നത്. ടിക്കറ്റിന്റെ ആറക്ക നമ്പറിലെ അവസാനത്തെ മൂന്നക്കം ഒത്തുവന്നാല്‍ 50000 രൂപ വരെ സമ്മാനം ലഭിക്കും. ഊഹം മാത്രം മുന്‍നിര്‍ത്തിയാണ് പ്രവചനം നടത്തുന്നത്. ഒമ്പത് മണി മുതല്‍ കേരള ലോട്ടറി നറുക്കെടുപ്പ് വരെ പ്രവചനം നടത്താവുന്നതാണ്. പത്ത് രൂപ മുതല്‍ പ്രവചന സൗകര്യമുള്ളതിനാല്‍ മലയോരത്ത് നിരവധിയാളുകള്‍ ചൂതാട്ടക്കെണിയില്‍ അകപ്പെട്ടിട്ടുണ്ട്. കാളികാവ്, പൂക്കോട്ടുംപാടം, കരുവാരക്കുണ്ട്, തുവ്വൂര്‍, തുടങ്ങിയ സ്ഥലങ്ങളിലും മൂന്നക്ക ലോട്ടറി വ്യാപകമായി നടക്കുന്നുണ്ട്. ഓരോ പ്രദേശത്തു നിന്നും മൂന്ന് ലക്ഷത്തിലേറെ രൂപയുടെ ചൂതാട്ടം ദിവസവും നടക്കുന്നുണ്ട്. ചൂതാട്ടത്തിനെതിരെ പൊലിസ് നടപടി ആരംഭിച്ചതോടെ വാട്‌സ് ആപ്പിലൂടെ പ്രവചനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂലിപ്പണിക്കാര്‍ ഉള്‍പടെ നിരവധി പേരാണ് ചൂതാട്ടക്കെണിയില്‍ അകപ്പെട്ടിട്ടുള്ളത്. കാളികാവ് എ.എസ്.ഐ പി അബദുല്‍ കരീമിന്റെ നേതൃത്വത്തിലാണ് ലോട്ടറി ചൂതാട്ടം പരിശോധന നടത്തി ഒരാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."