അസൗകര്യങ്ങള്‍ക്ക് നടുവില്‍ ജില്ലാ ആശുപത്രി
പാലക്കാട്: രോഗികളുടെ ബാഹുല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ശ്വാസം മുട്ടുന്ന ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് കിടക്കാനുള്ള ബെഡ് ഉള്‍പ്പെടെ ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പൊടിപിടിച്ച് നശിക്കുന്നു. നാല്‍പത്തോളം ബെഡുകള്‍, തലയിണകള്‍, സ്റ്റൂളുകള്‍, ടേബിളുകള്‍, ട്രിപ്പ് സ്റ്റാന്റുകള്‍, കട്ടിലുകള്‍ ഗോഡൗണില്‍ കിടന്ന് നശിക്കുമ്പോഴാണ് ബെഡു പോലുമില്ലാതെ വാര്‍ഡിലെ ഇരുമ്പുകട്ടിലില്‍ രോഗികള്‍ കിടക്കുന്നത്. എന്നാല്‍ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ സര്‍ജിക്കല്‍ വാര്‍ഡിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാത്തതുകൊണ്ടാണ് ലക്ഷങ്ങളുടെ സാധനങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നത്.
അതേ സമയം വാര്‍ഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒച്ചിന്റെ വേഗതയിലാണ് ഇഴഞ്ഞു നീങ്ങുന്നത്. ഇതിനുപുറമേ രോഗികളുടെ ബാഹുല്യവും ആശുപത്രി അധികൃതരുടെ അശാസ്ത്രീയ പരിഷ്‌കാരങ്ങളും രോഗികളെ വട്ടം കറക്കുകയാണ്. ഒരു ബെഡില്‍ രണ്ടും മൂന്നും രോഗികളാണ് കിടക്കുന്നത്. ഇവരില്‍ ആരെങ്കിലും പരിശോധനകള്‍ക്കോ മരുന്നു വാങ്ങാനോ പുറത്തിറങ്ങി തിരിച്ചുവരുമ്പോഴേക്കും അവരുടെ ബെഡില്‍ പുതിയ രോഗിയെ കിടത്തിയിട്ടുണ്ടാവും. ഇത്തരത്തില്‍ ആദ്യം കിടന്ന രോഗി തിരിച്ചെത്തുമ്പോള്‍ അവസാനം വന്ന രോഗിയുമായോ അവരുടെ ബന്ധുകളുമായോ തര്‍ക്കമുണ്ടാവുന്നതും ഇവിടെ പതിവാണ്.
വാര്‍ഡില്‍ രോഗീ പരിശോധനയ്ക്ക് ഡോക്ടര്‍മാര്‍ വരുന്ന സമയങ്ങളില്‍ സ്ഥലപരിമിതിയുടെ പേരുപറഞ്ഞ് രോഗിയുടെ കൂട്ടിരിപ്പുകാരെ വാര്‍ഡില്‍നിന്ന് പുറത്താക്കുന്നതു കാരണം അവശരും സംസാരിക്കാന്‍ കഴിയാത്തവരുമായ രോഗികള്‍ക്ക് രോഗവിവരങ്ങള്‍ ഡോക്ടറോട് പങ്കുവയ്ക്കാന്‍ കഴിയാത്ത സാഹചര്യവും ഇവിടെയുണ്ട്.
ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പോലും പലതരം അസുഖങ്ങള്‍ ഉളളവരെ ഒരുമിച്ച് കിടത്തുന്നതിനാല്‍ പകര്‍ച്ചവ്യാധികളെ പേടിച്ച് കിടക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. വാര്‍ഡിലുളള വൃത്തിഹീനമായ ശൗചാലയങ്ങള്‍ക്കു മുന്നില്‍ വരേ കിടത്തിയിരിക്കുകയാണ്.
രോഗികള്‍ക്ക് ആനുപാതികമായി ആശുപത്രി ജീവനക്കാരുടെ കുറവ് ഉളളതിനാല്‍ ആവശ്യസമയങ്ങളില്‍ മതിയായ സേവനം ലഭിക്കുന്നില്ലെന്നും രോഗികള്‍ പരാതിപ്പെടുന്നു. ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന മിക്ക മരുന്നുകളും ആശുപത്രി ഫാര്‍മസികളില്‍ മാസങ്ങളായി ഇല്ലാത്തവയാണ്. മരുന്നുകള്‍ രോഗികളോട് പുറത്തുനിന്നും വാങ്ങിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കാരുണ്യ ചികിത്സാ പദ്ധതിയില്‍ ഉള്‍പെടുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഇത് ഇരുട്ടടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."