വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിക്ക് കൂടുതല്‍ തുക: മന്ത്രി രവീന്ദ്രനാഥ്
കോട്ടയം: വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആശ്വാസ പദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.
വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച സഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ പദ്ധതിക്കായി സര്‍ക്കാര്‍ 900 കോടി രൂപ മാറ്റിവച്ചിട്ടുള്ളത്.
വിശദമായ കണക്കെടുപ്പിന് ശേഷം അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇതിനായി കൂടുതല്‍ തുക വക കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപരിപഠനത്തിനായി ബാങ്ക് വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങുന്നത് വായ്പ എടുക്കുന്നവരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൊണ്ടു മാത്രമല്ല. പഠനം പൂര്‍ത്തിയാക്കിയ പല വിദ്യാര്‍ഥികള്‍ക്കും യഥാസമയം തൊഴില്‍ ലഭ്യമാക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ തകരാറു കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരം കടാശ്വാസം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ചടങ്ങില്‍ മന്ത്രി കൈമാറി.
ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ അധ്യക്ഷനായി. എം.എല്‍.എമാരായ പി. സി ജോര്‍ജ്, ഡോ.എന്‍. ജയരാജ്, സി. കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കലക്ടര്‍ സി.എ ലത, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ. സുധ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."