കശ്മിരിലേക്ക് കൂടുതല്‍ സൈന്യം: 35- എ വകുപ്പ് നീക്കുന്നതിനുവേണ്ടിയെന്ന് അഭ്യൂഹം
ന്യൂഡല്‍ഹി: കശ്മിരിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ അര്‍ധ സൈനികരെ വിന്യസിച്ചത് ഭരണഘടനയിലെ 35- എ എടുത്തുകളയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന അഭ്യൂഹം പരന്നതോടെ കശ്മിര്‍ ഭീതിയില്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മിര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് കശ്മീരിലേക്ക് 100 കമ്പനി അര്‍ധസൈനികരെ വിന്യസിക്കാന്‍ ഉത്തരവിട്ടത്.
കശ്മീരില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍, ഇത് 35 എ എടുത്തുകളയാനുള്ള നീക്കത്തിന് മുന്നോടിയാണെന്ന് കശ്മിരി നേതാക്കള്‍ ആരോപിക്കുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, അമര്‍നാഥ് യാത്ര എന്നിവയുടെ സുരക്ഷയ്ക്കായി വിന്യസിച്ച 197 കമ്പനി അധിക അര്‍ധ സൈനികര്‍ നിലവില്‍ കശ്മീരിലുണ്ട്.
ഇവരെ കൂടാതെയാണ് കൂടുതല്‍ സൈനികരെ വീണ്ടും ഇവിടേക്ക് നിയോഗിക്കുന്നത്. ഇവര്‍ എത്തുന്നതിന് മുന്‍പുതന്നെ 80 കമ്പനി അര്‍ധ സൈനികരെ അടിയന്തരമായി വിന്യസിക്കാന്‍ സോണല്‍ പൊലിസ് ആസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലാപം നിയന്ത്രിക്കാനുള്ള ഉപകരണങ്ങളില്‍ കുറവുണ്ടെങ്കില്‍ അറിയിക്കാന്‍ ജമ്മു കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സൂപ്രണ്ട് എല്ലാ സൈനിക വിഭാഗങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
കശ്മീരിലെ ഓരോ സമയത്തെയും സംഭവ വികാസങ്ങള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കശ്മിരി സംഘടനകളുടെ നേതാക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ അപ്പപ്പോള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. വിമാനത്താവളം, റേഡിയോ സ്റ്റേഷന്‍, വൈദ്യുതി നിലയങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍, ആശുപത്രികള്‍, അര്‍ധ സൈനിക-പൊലിസ് ക്യാംപുകള്‍, പൊലിസ് പോസ്റ്റുകള്‍ എന്നിവിടങ്ങളിലും അധിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.
കേന്ദ്രത്തിന്റെ നീക്കത്തിനെതിരേ കടുത്ത എതിര്‍പ്പാണ് കശ്മിരിലെ രാഷ്ട്രീയ നേതാക്കളില്‍നിന്ന് ഉയരുന്നത്.
നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ രാഷ്ട്രീയ നീക്കം നടത്തുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. മെഹ്ബൂബ മുഫ്തി, സജ്ജാദ് ലോണ്‍ തുടങ്ങിയ നേതാക്കളും ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."