ഉംറ വിസ ഫീസ് കുറയ്ക്കണമെന്ന് ആവശ്യം
ജിദ്ദ: വിദേശികളായ ഉംറ തീര്‍ഥാടകര്‍ക്കുള്ള വിസ ഫീസ് കുറയ്ക്കണമെന്ന് സഊദി എഴുത്തുകാരന് അബ്ദുല്ല സ്വാദിഖ് ദഹ്ലാന് ആവശ്യപ്പെട്ടു. ഇസ്ലാമിക ലോകത്ത് സഊദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥക്ക് പിന്തുണ നല്‍കുന്നതിനും വിസ ഫീസ് കുറയ്ക്കേണ്ടത് ആവശ്യമാണെന്നാണ് പമുഖ പ്രാദേശിക പത്രത്തില്‍ എഴുതിയ കോളത്തില്‍ അദ്ദേഹം വിവരിച്ചത്.
ഒന്നിലധികം തവണ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് വിസ ഫീസ് ഉയര്‍ത്തുന്നത് എല്ലാ വര്‍ഷവും ഉംറ നിര്‍വഹിക്കുന്നവര്‍ക്കും ഒരു വര്‍ഷം പല തവണ ഉംറ നിര്‍വഹിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്കും കടുത്ത ഭാരമായി മാറും.
ഔദ്യോഗിക അവധിക്കാലത്ത് യൂറോപ്പിലും അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അവധിക്കാലം ചെലവഴിക്കുന്നതിനു പകരം ഉംറ നിര്‍വഹിക്കുന്നതിന് താല്പര്യം കാണിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. വിദേശനാണ്യം നേടുന്നതിനും പ്രാദേശിക വിപണിയില്‍ പണം ചെലവഴിക്കല്‍ വര്‍ധിപ്പിക്കുന്നതിനും സൗജന്യ വിസകളും മറ്റു ഇളവുകളും നല്കി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ആ രാജ്യങ്ങള്‍ ശ്രമിക്കുന്നത്.
2030 ഓടെ ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ആവര്‍ത്തിച്ച് ഉംറയും ഹജ്ജും നിര്‍വഹിക്കുന്നവര്‍ക്ക് നിലവിലുള്ള അതേ ഫീസ് തുടരുന്ന പക്ഷം ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുക ദുഷ്കരമാകുമെന്നും അദ്ദേഹം പറഞ്ഞു.
2016 ഒക്ടോബറിലാണ് സഊദി അറേബ്യ പുതിയ വിസ ഫീസുകള്‍ നടപ്പാക്കിയത്. നിരവധിപേരുടെ സഊദി യാത്രയെ പുതിയ ഫീസ് ബാധിക്കും. ഒന്നിലധികം തവണ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ 2000 റിയാലാണ് വിസ ഫീസായി നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."