പുതിയ ഇനം ഭൂഗര്‍ഭവരാലിനെ തിരുവല്ലയില്‍ കണ്ടെത്തി
കൊച്ചി: സംസ്ഥാനത്ത് മറ്റൊരു ഭൂഗര്‍ഭ മത്സ്യം കൂടി കണ്ടെത്തി. വരാല്‍ വിഭാഗത്തില്‍പ്പെട്ട ഈ മത്സ്യത്തെ നാഷനല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴ്‌സസ് (എന്‍.ബി.എഫ്.ജി.ആര്‍) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്.
ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയ ഈ ചെറിയ മത്സ്യം തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ലഭിച്ചത്. ഗവേഷകര്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഭുഗര്‍ഭവരാല്‍ ഇനത്തിലെ ലോകത്ത് തന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിയുകയായിരുന്നു. എന്‍.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുല്‍ ജി. കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം 'എനിഗ്മചന്ന മഹാബലി' എന്നാണ് ഇതിനു ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്. നേരത്തെ മലപ്പുറം ജില്ലയില്‍നിന്ന് ഇതിനു സമാനമായ ഒരു മത്സ്യം കണ്ടെത്തിയിരുന്നു.
ലോകത്താകമാനം ഭൂഗര്‍ഭ ജലാശയങ്ങളില്‍നിന്ന് 250 ഇനം മത്സ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴു മത്സ്യങ്ങള്‍ കേരളത്തിലാണുള്ളത്. ഇന്ത്യയില്‍, ഭൂഗര്‍ഭ ജലാശയ മത്സ്യവൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ഇത്തരം മത്സ്യങ്ങള്‍ കണ്ടെത്താന്‍ ഇനിയും സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണ്. ഭൂഗര്‍ഭ മത്സ്യങ്ങളുടെ സാന്നിധ്യം അതത് ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് വെളിപ്പെടുത്തുന്നത്. ഈ കാരണത്താല്‍, ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടത് ശുദ്ധജല ലഭ്യത നിലനിര്‍ത്തുന്നതിന് അനിവാര്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
കേരളത്തില്‍ 300ലധികം ശുദ്ധജല മത്സ്യങ്ങളുണ്ട്. ഇതില്‍ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാല്‍ ഭൂഗര്‍ഭ ജലാശയങ്ങളില്‍ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."