പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അമ്മയുടെ കാമുകന് ജീവപര്യന്തം തടവ്
തൃശൂര്‍: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അമ്മയുടെ കാമുകനെ ജീവപര്യന്തം കഠിനതടവിനും മൂന്നുലക്ഷം പിഴയും വിധിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ മാതാവിനെ പരിചരിക്കാനെത്തിയ കുട്ടിയെ ഭീഷണിപ്പെടുത്തി ബാത്‌റൂമില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച മാള വലിയപറമ്പ് മുണ്ടശ്ശേരി വീട്ടില്‍ രാമദാസ് (43)നാണ് തൃശൂര്‍ ഒന്നാംക്ലാസ് അഡിഷണല്‍ ജില്ലാ ജഡ്ജി കെ. ആര്‍ മധുകുമാര്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി കൂടുതല്‍ കഠിനതടവ് അനുഭവിക്കണം. 2009 സെപ്റ്റംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പെണ്‍കുട്ടിക്കും മാതാവിനുമൊപ്പം തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ചന്ദ്രാപുരത്തുള്ള വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. അതിനിടെ അസുഖബാധിതയായപ്പോള്‍ കുട്ടിയുടെ അമ്മയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ അമ്മയെ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനം. അതിനുമുന്‍പ് തിരുപ്പൂരുള്ള വാടകവീട്ടില്‍ വച്ച് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി പല തവണകളിലായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഭീഷണിയില്‍ ഭയന്ന് കുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല.
വാര്‍ഡിലെ നഴ്‌സിനോട് കുട്ടി സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് പേരാമംഗലം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി സുനില്‍കുമാര്‍, അഡ്വ. പി.കെ മുജീബ് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."