വീരപ്പനെ കുടുക്കാന്‍ സഹായിച്ച ഷണ്‍മുഖപ്രിയയെ അധികൃതര്‍ വഞ്ചിച്ചെന്ന്
കോയമ്പത്തൂര്‍: വനം കൊള്ളക്കാരന്‍ വീരപ്പനേയും നാലു കൂട്ടാളികളേയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കമാന്‍ഡോകള്‍ക്കു വിലപ്പെട്ട വിവരങ്ങള്‍ നല്‍കി സഹായിച്ച കോയമ്പത്തൂരിലെ ഷണ്‍മുഖപ്രിയയെ അധികൃതര്‍ വഞ്ചിച്ചതായി പരാതി.
വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുമായി സൗഹൃദം സ്ഥാപിച്ചു തന്ത്രപൂര്‍വം വീരപ്പന്റെ സര്‍വവിധ നീക്കങ്ങളും ചോര്‍ത്തിയെടുത്ത ഷണ്‍മുഖപ്രിയ ദൗത്യസേനാ മേധാവിക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നു. കോയമ്പത്തൂരിലെ വടവള്ളിയില്‍ താമസിക്കുന്ന ഷണ്‍മുഖപ്രിയ എസ്.ടി.എഫ് മേധാവി ചെന്താമരകണ്ണന്റെ കുടുംബവുമായി ഏറെ അടുപ്പത്തിലായിരുന്നു.
വീരപ്പനെ പിടിക്കാന്‍ സഹായിക്കാമെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു അഞ്ചു കോടിയും തമിഴ്‌നാട് സര്‍ക്കാരില്‍നിന്നു ആറു കോടിയും, നഗരത്തില്‍ വീടു പണിയാനുള്ള സ്ഥലവും ധീരതയ്ക്കുള്ള അവാര്‍ഡും വാഗ്ദാനം ചെയ്തായിരുന്നു അധികൃതര്‍ ഷണ്‍മുഖപ്രിയയെ സമീപിച്ചത്.
വ്യക്തമായ ഉറപ്പിനെ തുടര്‍ന്നാണ് ഷണ്‍മുഖപ്രിയ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുമായി അടുപ്പത്തിലായത്. മുത്തുലക്ഷ്മിയേയും അവരുടെ രണ്ടു പെണ്‍മക്കളേയും വടവള്ളിയിലെ വീട്ടില്‍ താമസിപ്പിച്ചും പണവും വസ്ത്രങ്ങളും നല്‍കി സഹായിച്ചും ഷണ്‍മുഖപ്രിയ തന്റെ തന്ത്രങ്ങള്‍ മെനയുകയായിരുന്നു.
മുത്തുലക്ഷ്മിയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഷണ്‍മുഖപ്രിയ അപ്പപ്പോള്‍ ദൗത്യസേനാ മേധാവിക്കു കൈമാറിക്കൊണ്ടിരുന്നു.
കാട്ടില്‍ ചുറ്റിക്കറങ്ങുന്നതിനിടയില്‍ വീരപ്പന്‍ രഹസ്യമായി താമസിക്കുന്ന ചില വീടുകളെക്കുറിച്ചും കണ്ണിനു തിമിരം ബാധിച്ചു ചികിത്സക്കു ശ്രമിക്കുന്നതിനെപറ്റിയും മുത്തുലക്ഷ്മി വിവരങ്ങള്‍ നല്‍കി. വനത്തില്‍ നിന്നു ഷണ്‍മുഖപ്രിയ ഒരുക്കിയ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകവെയാണ് 2004ല്‍ വീരപ്പനെ ദൗത്യസേന വളഞ്ഞത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ വീരപ്പനും സേത്തുകുഴി ഗോവിന്ദനും മൂന്നു കൂട്ടാളികളും കൊല്ലപ്പെടുകയായിരുന്നു.
വീരപ്പനെ പിടിക്കാന്‍ തന്ത്രപൂര്‍വം കെണിയൊരുക്കിയ ഷണ്‍മുഖപ്രിയയെ ദൗത്യസേന പിന്നീട് കൈവിടുകയായിരുന്നു. തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലം ആവശ്യപ്പെട്ടു ഷണ്‍മുഖപ്രിയ പല തവണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തുകളയച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രതിഫലത്തിനായി ഇപ്പോള്‍ നിയമയുദ്ധത്തിലാണ് ഷണ്‍മുഖപ്രിയ.
അതിനിടെ വീരപ്പനെ കൊലപ്പെടുത്തിയത് കാട്ടിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ മോരില്‍ വിഷം കലര്‍ത്തി നല്‍കിയാണെന്ന പ്രചാരണം ഇപ്പോഴും നിലനില്‍ക്കുകയാണ്. വീരപ്പന്‍ മരിച്ച ശേഷമാണ് ഏറ്റുമുട്ടല്‍ കഥയുണ്ടാക്കിയതെന്നും പറയുന്നു. വീരപ്പന്‍ ഏറ്റുമുട്ടലിലല്ല കൊല്ലപ്പെട്ടതെന്നു ഭാര്യ മുത്തുലക്ഷ്മി ഇപ്പോഴും തറപ്പിച്ചു പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."