HOME
DETAILS

ഇന്ത്യയുടെ വീണ്ടെടുപ്പ്: വൈകിയാല്‍ ഉണരേണ്ടി വരില്ല

  
backup
July 29 2019 | 21:07 PM

sidheeq-nadvi-cherur-30-07-2019

 

 

വിവരാവകാശ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള മോദി സര്‍ക്കാരിന്റെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് കേരള എം.പി എന്‍.കെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗം സൃഷ്ടിച്ച കോരിത്തരിപ്പില്‍ നിന്ന് പലര്‍ക്കും അത്ര വേഗം മോചനം നേടാന്‍ കഴിയില്ല. അത്ര ശക്തവും വ്യക്തവും വ്യതിരിക്തവുമായിരുന്നു ആ പ്രസംഗം. കഴിഞ്ഞ കുറച്ചുകാലമായി പ്രേമചന്ദ്രന്‍ അടക്കമുള്ള അപൂര്‍വം ചിലര്‍ പാര്‍ലമെന്റില്‍ നടത്തുന്ന യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ ഇടപെടലുകള്‍ മതേതര വിശ്വാസികളില്‍ വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് നല്‍കുന്നതെന്ന കാര്യവും ഇവിടെ കുറിക്കേണ്ടതുണ്ട്. ഏകപക്ഷീയ നീക്കങ്ങളും ഒളിയജണ്ടകള്‍ക്കൊത്ത് പുറം മിനുക്കിയ നിയമങ്ങളും നിയമ ഭേദഗതികളുമായി മോദി സര്‍ക്കാര്‍ പുതിയ ഇന്ത്യയിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്തുമ്പോള്‍ ചില കൊച്ചു കൊച്ചു പാര്‍ട്ടികളും അവയുടെ വലിയ നേതാക്കളും നടത്തുന്ന എതിര്‍ നീക്കങ്ങള്‍ നിരാശയിലും ആശങ്കയിലുമായ ജനങ്ങളുടെ മനസ്സില്‍ വലിയ ആശ്വാസവും ആവേശവുമാണ് സൃഷ്ടിക്കുന്നത്.
തങ്ങള്‍ക്ക് ഭാവിയില്‍ സ്വതന്ത്രമായി സ്വന്തം അഭീഷ്ടത്തിനൊത്ത് ഭരിക്കുന്നതിനും തങ്ങളുടെ അജണ്ടകള്‍ ഒന്നൊന്നായി നടപ്പിലാക്കുന്നതിനും വിഘാതമാകാന്‍ വിദൂര സാധ്യത പോലുമുള്ള നിയമങ്ങള്‍ മാറ്റി മറിക്കാനും സാഹചര്യം അനുകൂലമാക്കാനുമുള്ള തത്രപ്പാടിലാണവര്‍ കേന്ദ്രഭരണകൂടം. നിരവധി നിയമലംഘനങ്ങളും വഴിവിട്ട നീക്കങ്ങളും നടത്തിയെന്ന ആരോപണങ്ങളിലൂടെ കുപ്രസിദ്ധനായ, കുടില ഹൃദയനും കുശാഗ്രബുദ്ധിയുമുള്ള ഒരാള്‍ ആഭ്യന്തര മന്ത്രിയുടെ കസേരയിലിരുന്ന് രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ ഊടും പാവും നെയ്യുമ്പോള്‍ ഈ വന്നതൊന്നും അത്ര അസ്വാഭാവികമല്ല. ഇനി വരാനിരിക്കുന്നത് എത്ര ആപത്കരവും ഇന്ത്യയുടെ പരമ്പരാഗത കെട്ടുറപ്പിന് എത്രമാത്രം ഹാനികരവുമായിരിക്കുമെന്നേ ആശങ്കപ്പെടേണ്ടതുള്ളൂ.
എന്‍.ഐ.എയില്‍ അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവന്നു. യു.എ.പി.എ കൂടുതല്‍ കര്‍ശനമാക്കി തിരിച്ചു വരുന്നു. വിവരാവകാശ നിയമത്തിന്റെ അലകും പിടിയും മാറ്റി. പത്രമാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നിയമങ്ങള്‍ ഇനിയും കൊണ്ടുവന്നിട്ടില്ലെങ്കിലും ഇപ്പോള്‍ തന്നെ ഏതാണ്ടൊക്കെയെല്ലാം ഭരണകൂടത്തിന്റെ കൈയില്‍ ഭദ്രമാണ്. ഭരിക്കുന്നവര്‍ക്ക് ഹിതകരമല്ലാത്തതൊന്നും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതിരിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ സജീവമാണ്. ഒരു ഭാഗത്ത് കടുത്ത ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഭരിക്കുന്നവരുടെ നീരസം നേടിയാല്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭയം പലര്‍ക്കുമുണ്ട്. അല്ലാത്തവരെ പ്രീണിപ്പിക്കാനുള്ള വകകളും അവരുടെ കൈയിലുണ്ട്. ആടുകള്‍ക്ക് പച്ചിലയെന്ന പോലെ ഭരണത്തിന്റെ നക്കാപിച്ചകള്‍ കാട്ടി നല്ലൊരു വിഭാഗത്തെ അടക്കിനിര്‍ത്താം. ഇതിലൊന്നും വഴങ്ങാത്തവരെ നിയമ നടപടികളുടെ വജ്രായുധം കാട്ടി നിലയ്ക്ക് നിര്‍ത്താം.
ഇന്ന് പാര്‍ലമെന്റില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്നവരെയെല്ലാം നിരാശപ്പെടുത്തുന്ന തരത്തിലുള്ളതാണ്. തങ്ങള്‍ക്കുള്ള ഭൂരിപക്ഷം ഉപയോഗിച്ചു പല ബില്ലുകളും അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് സര്‍ക്കാര്‍ പാസാക്കിയെടുക്കുന്നത്. രാജ്യസഭയില്‍ ഇപ്പോള്‍ അല്‍പ്പം ഞെരുക്കമുണ്ടെങ്കിലും അടുത്ത് തന്നെ അത് മറികടക്കാമെന്ന പ്രതീക്ഷയിലാണവര്‍. അതിനനുകൂലമായ സാഹചര്യം വിവിധ സംസ്ഥാനങ്ങളില്‍ രൂപപ്പെട്ടു കഴിഞ്ഞു. അവിടെയും ഭൂരിപക്ഷം ഉറപ്പാക്കുന്നതോടെ എന്തും ആകാമെന്ന ധൈര്യം അവര്‍ക്കുണ്ട്.
മുത്വലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയ രീതി നാം കണ്ടു. ആ വിഷയത്തില്‍ അവര്‍ കാണിക്കുന്ന ധൃതിയും എടുത്തു ചാട്ടവും എന്ത് ലക്ഷ്യം വച്ചുള്ളതാണെന്നും എല്ലാവര്‍ക്കും അറിയാം. അത് പോലെ മറ്റു ബില്ലുകളില്‍ പലതും പ്രത്യക്ഷത്തിലോ പരോക്ഷമായോ ചില പ്രത്യേക വിഭാഗങ്ങളെയാണ് പ്രധാനമായും ഉന്നം വയ്ക്കുന്നതെന്ന് മനസിലാക്കാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.
തങ്ങളുടെ കൂടെയുള്ളവരെല്ലാം രാജ്യസ്‌നേഹികളും എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളും എന്ന കാഴ്ചപ്പാട് പൊതു തത്വമായി മാറിയത് പോലെയാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ ദിവസം രാജ്യത്തെ 49 പ്രമുഖ വ്യക്തികള്‍ ഒപ്പിട്ടു പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഭരണാധികാരികളെയോ അവരുടെ പാര്‍ട്ടി നയങ്ങളെയോ വിമര്‍ശിക്കുന്നത് ദേശവിരുദ്ധവും രാജ്യദ്രോഹപരവുമാകുന്നത് ഭരിക്കുന്ന കക്ഷി രാജ്യത്തിന്റെ പര്യായമായി മാറുമ്പോഴാണ്. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയാണ് ഭരണരംഗത്തുള്ള പലരും തെറ്റിദ്ധരിച്ചിട്ടുള്ളതെന്ന് തോന്നുന്നു. എന്‍.ഐ.എ ബില്‍ അവതരണ വേളയില്‍ ആഭ്യന്തര മന്ത്രി അടക്കമുള്ളവരില്‍ നിന്നുണ്ടായ നിരീക്ഷണം അതിന്റെ സൂചനയാണ്.
ഇറാഖിനെ ആക്രമിക്കുന്ന വേളയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നടത്തിയ പ്രസ്താവന ലോകത്ത് ചെലുത്തിയ സ്വാധീനം നാം കണ്ടതാണ്. ലോകരാജ്യങ്ങള്‍ ഒന്നുകില്‍ ഞങ്ങളുടെ കൂടെ, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരേ എന്ന നിലയിലാണദ്ദേഹം തരം തിരിച്ചത്. കല്‍പ്പിതവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുടെ പുറത്താണ് അന്ന് ഇറാഖിനെതിരേ ആക്രമണം നടത്തിയതെന്ന് പിന്നീട് കാലം തെളിയിച്ചു. പക്ഷെ, അന്ന് നഷ്ടപ്പെട്ടതൊന്നും പിന്നീട് തിരിച്ചെടുക്കാവുന്നതായിരുന്നില്ല.
അണികളുടെ തെറ്റുകള്‍ തിരുത്തുക എളുപ്പമാണ്. നേതാക്കളുടെ തെറ്റുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് അനുഭവിച്ചു തീര്‍ക്കുക മാത്രമേ വഴിയുള്ളൂ. ഇപ്പോള്‍ സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യയിലെ സാധാരണക്കാരുടെ മനസില്‍ കുടിയിരുത്താന്‍ ശ്രമിക്കുന്ന ചിന്തയും അത്തരത്തിലുള്ളതാണ്.
ഞാനാണ് രാജ്യമെന്ന് ഫ്രാന്‍സിലെ ലൂയിസ് പതിനാലാമന്‍ പറഞ്ഞത് പോലെ ഞങ്ങളാണ് രാജ്യം എന്ന ധാര്‍ഷ്ട്യത്തിലാണവര്‍. അതിനെതിരില്‍ നടക്കുന്ന ചെറിയ നീക്കം പോലെ വച്ചുപൊറുപ്പിക്കാനാവാത്ത വിധം ജനമനസ്സുകളില്‍ സാമുദായിക ദേശീയ ഭ്രമം അവര്‍ വളര്‍ത്തിയെടുത്തു. അതിന്റെ സ്വാഭാവിക പരിണാമമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളിലും എതിര്‍ക്കുന്നവര്‍ക്കെതിരെ അവര്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയിലും തെളിഞ്ഞു നില്‍ക്കുന്നത്.
രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഒപ്പുവച്ച നിരവധി പ്രമുഖര്‍ ഇന്ന് സംഘ്പരിവാര്‍ ശക്തികളില്‍ നിന്ന് ഭീഷണി നേരിടുകയാണ്. അവരൊന്നും ഈ രാജ്യത്ത് ജീവിക്കാന്‍ അര്‍ഹരല്ലത്രെ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഇവരെല്ലാം ജയ് ശ്രീറാം വിളിക്കെതിരാണെന്ന് പ്രചരിപ്പിക്കാനാണ് ശ്രമം. മുമ്പൊക്കെ പാകിസ്താനിലേക്ക് വണ്‍വെ ടിക്കറ്റ് ഓഫര്‍ ചെയ്തിരുന്നവര്‍ ഇപ്പോള്‍ അത്തരക്കാരെ അന്യഗ്രഹത്തിലേക്കു നാടുകടത്താനുള്ള തിടുക്കത്തിലാണ്.
ഇതൊക്കെ ഇവരില്‍പെട്ട ഏതെങ്കിലും ഒറ്റപ്പെട്ട നേതാക്കന്മാരുടെ വികാരപ്രകടമായി മാത്രം കരുതി അവഗണിക്കാമായിരുന്നു. പക്ഷെ, കാര്യം അങ്ങനെയല്ലെന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പൗരത്വ വിവാദങ്ങളും ഇപ്പോള്‍ പാര്‍ലമെന്റില്‍ ചുട്ടെടുത്തു കൊണ്ടിരിക്കുന്ന ബില്ലുകളും ബോധ്യപ്പെടുത്തുന്നുണ്ട്. ആര്‍.എസ്.എസ് സൈദ്ധാന്തികര്‍ വരച്ചു കൊടുത്ത രേഖയിലൂടെയാണ് കേന്ദ്ര ഭരണം അഭംഗുരം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും മാത്രമല്ല; ജനാധിപത്യ സംവിധാനം പോലും അപകട മണിമുഴക്കുകയാണ്. സന്ദര്‍ഭത്തിന്റെ ഗുരുതരാവസ്ഥ കണ്ടറിഞ്ഞു, സഹസ്രാബ്ധങ്ങളുടെ പാരമ്പര്യവും പൈതൃകവുമുള്ള ഇന്ത്യയുടെ വീണ്ടെടുപ്പിന് ബന്ധപ്പെട്ടവര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നാല്‍ രക്ഷപ്പെട്ടേക്കാം. ഇല്ലെങ്കില്‍ പിന്നെ ഉണരേണ്ടി വരില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  a month ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago