ജില്ലയിലെ ടൂറിസം വികസനത്തിന് 15.73 കോടിയുടെ പുതിയ പദ്ധതി
കല്‍പ്പറ്റ: വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായി മാറിയ ജില്ലയില്‍ 15.73 കോടി രൂപയുടെ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു. ഇതിനകം 7.21 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് നാല് കോടി രൂപ പുതിയതായി അനുവദിച്ചു.
വാച്ച്ടവര്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, ബാംബു പവലിയന്‍, ബാംബു ബ്രിഡ്ജ്, താമരക്കുളം, റഫ്‌റൈഡ്ട്രാക്ക്, പാര്‍ക്കിങ് ഏരിയ, ഫിഷിങ് ഡക്ക്, മത്സ്യം പിടിക്കുന്ന ഉപകരണങ്ങള്‍, ബോര്‍ഡുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളായ കാന്തന്‍പാറ വെള്ളച്ചാട്ടം, ചെമ്പ്രാപീക്ക് എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണത്തിനായി 2.8 കോടിരൂപ അനുവദിച്ചു.
കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്കുള്ള 3.1 കി.മീ റോഡിന്റെ നവീകരണത്തിനും സൈഡ് പ്രൊട്ടക്ഷന്‍ വര്‍ക്കുകള്‍ക്കുമായി ഒരു കോടിരൂപയും ചെമ്പ്ര പീക്കിലേക്കുള്ള 7.5 കി.മീ റോഡിന്റെ നവീകരണത്തിനായി 1.8 കോടിരൂപയും ചെലവഴിക്കും.
വയനാടന്‍ ഗോത്ര ജനതയെ വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കാനും അവരുടെ പരമ്പരാഗതമായ അറിവുകളും സംസ്‌കാരവും അടുത്തറിയുവാനും പരമ്പരാഗതമായ ഉല്‍പന്നങ്ങള്‍ മധ്യവര്‍ത്തിയില്ലാതെ നേരിട്ട് വിപണിയിലെത്തിക്കാനും ലക്ഷ്യംവച്ചുള്ള 'എന്‍-ഊരു' ട്രൈബല്‍ ടൂറിസത്തിന്റെ രണ്ടാംഘട്ട പദ്ധതികള്‍ക്കായി 4.53 കോടി രൂപ നല്‍കി. ട്രൈബല്‍ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, കഫ്റ്റീരിയ, വൈദ്യശാല, ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിങ് വര്‍ക്കുകള്‍, കല-കരകൗശല വിദ്യ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവക്കാണ് തുക വകയിരുത്തിയിട്ടുള്ളത്. അമ്പലവയലില്‍ ഒരു കി.മീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ചീങ്ങേരി മലയിലേക്കുള്ള അഡ്വഞ്ചര്‍ ടൂറിസം വികസന പദ്ധതിക്കായി 1.04 കോടിരൂപ അനുവദിച്ചു.
ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക്‌റൂം, സെക്യൂരിറ്റി ക്യാബിന്‍, ടോയ്‌ലറ്റ്, പാന്‍ട്രിബ്ലോക്ക്, ലാന്‍ഡ് സ്‌കേപ്പിങ വര്‍ക്കുകള്‍, എന്‍ട്രി പവലിയന്‍, മള്‍ട്ടി പര്‍പ്പസ്‌ബ്ലോക്ക് എന്നിവക്കാണ് തുക വകയിരുത്തി
യിരിക്കുന്നത്. പഴശ്ശിരാജാവ് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മാവിലാംതോടിന്റെ രണ്ടാംഘട്ട വികസനത്തിനായി 1.19 കോടിരൂപ വകയിരുത്തി. ലാന്‍ഡ് സ്‌കേപ്പ് മ്യുസിയം, അവന്യു, കുട്ടികളുടെ പാര്‍ക്ക്, ലൈറ്റിങ് വര്‍ക്കുകള്‍, ഇരിപ്പിടങ്ങള്‍, ലാന്‍ഡ് സ്‌കേപ്പിങ് എന്നിവക്കാണ് തുക വകയിരുത്തിയിരിക്കുന്നത്.
ടൂറിസം കേന്ദ്രങ്ങളായ കര്‍ലാട് തടാകം, കുറുവദ്വീപ്, പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ്, കാന്തന്‍പാറ എന്നിവിടങ്ങളിലെ വികസനങ്ങള്‍ക്കായി ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായി 2.15 കോടിരൂപ അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."