വില്ലേജ് പരിധികളിലെ ഉപയോഗശൂന്യമായ ഭൂമിയുടെ വിവരങ്ങള്‍ തേടി റവന്യൂവകുപ്പ്
#അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: സംസ്ഥാനത്തെ ഓരോ വില്ലേജ് പരിധികളിലും ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയുടെ വിവരങ്ങള്‍ റവന്യൂ വകുപ്പ് തരംതിരിച്ച് ശേഖരിക്കുന്നു. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം, ഉടമസ്ഥരില്ലാത്ത ഭൂമിയുടെ നിലവിലെ സ്ഥിതിവിവരങ്ങള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനായാണ് ഓരോ വില്ലേജിലേയും കണക്കുകള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നത്. ഓരോ വില്ലേജ് പരിധികളിലുമുള്ള സര്‍ക്കാര്‍ ഭൂമി, സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി, സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി, ഉടമസ്ഥരില്ലാതെ ഉപയോഗശൂന്യമായ ഭൂമി, റവന്യൂ ഓഫിസുകളില്‍ പുറമ്പോക്ക് രജിസ്ട്രറില്‍ ഉള്‍പ്പെട്ട ഭൂമി തുടങ്ങിയവയുടെ കൃത്യമായ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഓരോ ജില്ലയിലും ഇത്തരത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയുടെ കണക്കുകള്‍ രേഖപ്പെടുത്താനാണ് റവന്യൂവകുപ്പ് ലക്ഷ്യമിടുന്നത്. വില്ലേജുകളിലെ കണക്കുകള്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേനയാണ് ക്രോഡീകരിക്കുക.
മൂന്നുവര്‍ഷം മുന്‍പ് ഭൂമി കൈയേറ്റം സംബന്ധിച്ച പരിശോധനയില്‍ സ്വകാര്യവ്യക്തികള്‍ കൈയേറിയ 689.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി വിവിധ ജില്ലകളിലായി കണ്ടെത്തിയിരുന്നു. ഇവയില്‍ 221.4337 ഹെക്ടര്‍ ഭൂമിയാണ് ഇതുവരെ തിരിച്ചുപിടിക്കാനായത്. ശേഷിക്കുന്ന 464.6968 ഹെക്ടര്‍ ഭൂമിയും സ്വകാര്യവ്യക്തികളുടെ കൈവശമാണ്. ഇതുമായി ബന്ധപ്പെട്ട് 4,769 കേസുകളാണ് വിവിധ ജില്ലകളില്‍നിന്ന് സര്‍ക്കാരിനെതിരേയുള്ളത്. സ്വകാര്യവ്യക്തികള്‍ അവകാശമുന്നയിച്ച്് കോടതിയെ സമീപിച്ചതോടെ ഭൂമിപിടിച്ചെടുക്കല്‍ നടപടി പൂര്‍ണമാക്കാനായിട്ടില്ല. വില്ലേജുകളില്‍നിന്ന് കൃത്യമായ കണക്കുകള്‍ ശേഖരിക്കുകയാണ് റവന്യൂവകുപ്പിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."