പ്രാര്‍ഥന വിശ്വാസിയുടെ കരുത്ത്
പ്രാര്‍ഥന ആരാധനയുടെ മജ്ജയാണെന്നാണ് പ്രവാചകാധ്യാപനം. സ്രഷ്ടാവായ അല്ലാഹു അവനെ ആരാധിക്കാനാണ് നമ്മെ സൃഷ്ടിച്ചത്.
അടിമകളോട് ദയയും കാരുണ്യവും ചൊരിയുന്ന അല്ലാഹുവിനോടു പ്രാര്‍ഥിക്കാന്‍ നമ്മോടു കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: 'താങ്കളോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (സൂറ: അല്‍ബഖറ186). തിരുനബി (സ) പറയുന്നു: 'പ്രാര്‍ഥനയല്ലാതെ വിധിയെ തടുക്കുകയില്ല. പുണ്യമല്ലാതെ ആയുസിനെ വര്‍ധിപ്പിക്കുകയില്ല' (തുര്‍മുദി).
നിഷ്‌കളങ്കമായും പ്രതിഫലം ആഗ്രഹിച്ചുമായിരിക്കണം നമ്മുടെ പ്രാര്‍ഥനകള്‍. ജീവിതത്തിലെ ഉന്നതികളില്‍ മതിമറക്കുന്നതു മനുഷ്യന്റെ പരാജയമാണ്. അതു നല്‍കിയ അല്ലാഹുവിനു നന്ദി ചെയ്യുന്നവനാണ് യഥാര്‍ഥ വിജയി. അബൂഹുറൈറ (റ) യില്‍നിന്നു നിവേദനം: തിരുനബി(സ്വ) പറഞ്ഞു: 'ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ അല്ലാഹുവോട് നിങ്ങള്‍ പ്രാര്‍ഥിക്കുവീന്‍. അശ്രദ്ധമായ ഹൃദയത്തില്‍നിന്നുള്ള പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയില്ലെന്ന് നിങ്ങള്‍ മനസിലാക്കുക'(തുര്‍മുദി).
പ്രാര്‍ഥന അല്ലാഹു നമുക്കു നല്‍കിയ പരിഹാര മാര്‍ഗമാണ്. ഉദ്ദേശിച്ച കാര്യങ്ങള്‍ അതേപോലെ ലഭിക്കുന്നില്ലെന്നു പരിതപിക്കുകയും വേണ്ട. എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്ന റബ്ബിന്റെ നിശ്ചയത്തെക്കുറിച്ചും അവന്‍ കണക്കാക്കിയവയെ കുറിച്ചും നമുക്കറിവില്ല. നൈമിഷികമായ നമ്മുടെ താല്‍പര്യങ്ങളല്ല, ശാശ്വതമായ പരിഹാരമായിരിക്കും അവന്‍ കണക്കാക്കിയിരിക്കുക. നമ്മുടെ പ്രാര്‍ഥനകള്‍ക്കു വലിയ പ്രതിഫലവും അവന്‍ പരിഹാരമായി നല്‍കും. പീഡിതന്റെ പ്രാര്‍ഥനയും അല്ലാഹുവിന്റെ സാമീപ്യം സ്വീകരിക്കപ്പെടും. മനസിന്റെ ശുദ്ധിയാണ് പ്രാര്‍ഥനയ്ക്കു പ്രധാനം. അല്ലാഹു നിഷിദ്ധമാക്കിയ പ്രവൃത്തികള്‍, നിഷിദ്ധമായ ഭക്ഷണം തുടങ്ങിയവയില്‍നിന്നെല്ലാം മുക്തമായിവേണം ദുആ ചെയ്യാന്‍. അല്ലാഹു ഉദ്ദേശിച്ചാല്‍ ഉത്തരം ലഭിക്കുമെന്ന തിരിച്ചറിവുണ്ടായിരിക്കണം.
പ്രതിസന്ധികളുടെ വലയം തീര്‍ത്തിടത്തുനിന്നെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തമായി വിജയം വരിച്ച മഹാരഥന്‍മാരുടെ ചരിത്രം നമുക്കുള്‍ക്കരുത്താണ്. പ്രതിസന്ധികളെന്നു തോന്നുന്നതും തിരിച്ചുവരവ് അപ്രാപ്യമെന്നു മനുഷ്യബുദ്ധിയില്‍ വിധിയെഴുതുന്നതുമായവയെല്ലാം പ്രാര്‍ഥനയുടെ കരുത്തില്‍ വീണ്ടെടുക്കുന്നതു സാധാരണയാണ്. വിശുദ്ധ റമദാന്‍ വേള പ്രാര്‍ഥനകളാല്‍ ധന്യമാക്കേണ്ട സന്ദര്‍ഭങ്ങളാണ്. തെറ്റുകുറ്റങ്ങളില്‍നിന്നു പാപമോചനം തേടാനും മനമുരുകി പശ്ചാത്തപിക്കുന്നതിനുമുള്ള വേള. ഈ വിശുദ്ധ മാസത്തിലെ ഓരോ നിമിഷങ്ങളും അല്ലാഹുവിനോടു മനമുരുകി പ്രാര്‍ഥിക്കാന്‍ നാം മുന്നോട്ടുവരിക, അല്ലാഹു സ്വീകരിക്കട്ടെ, ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."